ദില്ലി: രാഹുൽ ഗാന്ധി ഇടതുപക്ഷവുമായി നേരിട്ടുള്ള മത്സരത്തിന് വയനാട്ടിലേക്ക് എത്തുന്നതോടെ കോൺഗ്രസിനെ ഒഴിവാക്കി പുതിയ ദേശീയ മതനിരപേക്ഷ ബദലിനുള്ള ശ്രമങ്ങൾ സിപിഎം തുടങ്ങി. മായാവതിയെ മുൻനിർത്തിയുള്ള കൂട്ടായ്മക്കാണ് സിപിഎം ശ്രമിക്കുന്നത്. രാജ്യത്തെ മതനിരപേക്ഷ കൂട്ടായ്മയിൽ കോൺഗ്രസ് കാഴ്ചക്കാരാകുമെന്നും സിപിഎം മുന്നറിയിപ്പ് നൽകുന്നു.

ബിജെപിയെയും സഖ്യകക്ഷികളേയും പരാജയപ്പെടുത്തുക, ഇടതുപക്ഷത്തിന്‍റെ ശക്തി വർദ്ധിപ്പിക്കുക, മതനിരപേക്ഷ സർക്കാരിനെ അധികാരത്തിലെത്തിക്കുക എന്നിവയാണ് സിപിഎം ഈ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ലക്ഷ്യങ്ങളായി കാണുന്നത്. കേന്ദ്രത്തിൽ മതേതര ബദലുണ്ടാകും, അതിന് ആര് നേതൃത്വം നൽകും എന്നത് പ്രശ്നമല്ല എന്നായിരുന്നു സിപിഎം നിലപാട്. എന്നാൽ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ കോൺഗ്രസ് പ്രസിഡന്‍റ് തന്നെ മത്സരിക്കാനിറങ്ങുന്ന സാഹചര്യത്തിൽ കോൺഗ്രസിനെതിരെ സിപിഎമ്മിനും ഇടതുപക്ഷ പാർട്ടികൾക്കും കടുത്ത അമർഷമുണ്ട്.  

നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കഴിഞ്ഞ അഞ്ച് വർഷമായി പൊതുവെ കോൺഗ്രസ് നിലപാടുകൾക്കൊപ്പമാണ് സിപിഎം നിന്നത്. പാർലമെന്‍റിൽ കോൺഗ്രസുമായി യോജിച്ച പോരാട്ടങ്ങൾക്കും സിപിഎം തയ്യാറായിരുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ തന്നെയാണ് ഇടതുപക്ഷപാർട്ടികളുടെ തീരുമാനം. 

കോൺഗ്രസുമായി ചേർന്നു നിൽക്കുന്ന പശ്ചിമ ബംഗാൾ ഘടകത്തിന്‍റെ നിലപാടും കോൺഗ്രസിനെ ശക്തമായി എതിർക്കുന്ന കേരള ഘടകത്തിന്‍റെ നിലപാടും സിപിഎമ്മിൽ ഉണ്ടായിരുന്നു. ബംഗാളിൽ കോൺഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണയാകാമെന്ന് കേന്ദ്രകമ്മിറ്റി ഒരു ഘട്ടത്തിൽ തീരുമാനിക്കുകയും ചെയ്തു. എന്നാൽ പുതിയ സാഹചര്യത്തിൽ കോൺഗ്രസിനെ ഒഴിവാക്കിക്കൊണ്ട്  ബിജെപിക്കെതിരെ  പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മക്ക് ശ്രമിക്കണം എന്ന അഭിപ്രായം സിപിഎമ്മിൽ ശക്തമാണ്. അത്തരത്തിലൊരു നീക്കത്തിന്‍റെ സൂചനകൾ സിപിഎം പുറത്തുവിടുകയും ചെയ്യുന്നുണ്ട്. 

ഉത്തർപ്രദേശിൽ മായാവതി കോൺഗ്രസിനെ ശക്തമായി എതിർക്കുകയാണ്. മായാവതി, അഖിലേഷ് യാദവ് സഖ്യത്തിനാണ് യുപിയിൽ കൂടുതൽ സീറ്റുകൾ കിട്ടാൻ സാധ്യത. ഇവരെക്കൂടാതെ ടിആർഎസ്, വൈഎസ്ആർ കോൺഗ്രസ്, ബിജു ജനതാദൾ തുടങ്ങിയ പ്രാദേശിക കക്ഷികളെ കൂടെ കൂട്ടി മതേതര ബദലിനാണ് സിപിഎമ്മിന്‍റെ ശ്രമം. എന്നാൽ ഇക്കാര്യം തീരുമാനിക്കാൻ പോളിറ്റ് ബ്യൂറോ ഉടൻ ചേരാൻ സാധ്യതയില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അനൗപചാരികമായി ഇത്തരമൊരു ധാരണ ഉണ്ടാക്കി പ്രവർത്തിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.