Asianet News MalayalamAsianet News Malayalam

സുധാകരന്‍റെ ആ പരസ്യം സ്ത്രീ വിരുദ്ധം, അണിയറക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും; എം വി ജയരാജൻ

പുരുഷൻ മാത്രമാണ് നല്ലതെന്നുള്ള വേർതിരിവുണ്ടാക്കുന്നതാണ് പരസ്യമെന്നും സ്ത്രീയെ ഒന്നിനും കൊള്ളാത്തവളായാണ് പരസ്യം ചിത്രീകരിക്കുന്നതെന്നുമാണ് ജയരാജന്‍ ആരോപിക്കുന്നത്.

cpm against k sudhakarans anti women election advertisement
Author
Kannur, First Published Apr 16, 2019, 3:33 PM IST


കണ്ണൂ‌‌‌‌ർ: കെ സുധാകരന്‍റെ ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സുധാകരൻ ഫേസ്ബുക്ക് പേജിൽ ഇട്ട പരസ്യം സ്ത്രീവിരുദ്ധമാണെന്നും സ്ത്രീയെ ഒന്നിനും കൊള്ളാത്തവളായി ചിത്രീകരിക്കുന്നതാണുമെന്നുമാണ്  എം വി ജയരാജനും സിപഎമ്മും ആരോപിക്കുന്നത്. പുരുഷൻ മാത്രമാണ് നല്ലതെന്നുള്ള വേർതിരിവുണ്ടാക്കുന്നതാണ് പരസ്യമെന്നും പരസ്യത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ജയരാജൻ വ്യക്തമാക്കി. 

"ഈ കഥയ്ക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ, പാർലമെൻറിൽ പ്രസംഗിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല........"

" ഓളെ പഠിപ്പിച്ച് ടീച്ചർ ആക്കിയത് വെറുതെയായി"  എന്ന കുറിപ്പോടെ സുധാകരൻ ഇന്നലെ ഫേസ്ബുക്കിൽ പങ്ക് വച്ച  ഒന്നര മിനുട്ട് ദൈർഘ്യമുള്ള പ്രചരണ പരസ്യമാണ് വിവാദമായിരിക്കുന്നത്. 

ഒരു വീട്ടിലെ സ്വത്ത് തര്‍ക്കം എന്ന തോന്നിപ്പിക്കുന്ന രീതിയിൽ ആരംഭിക്കുന്ന പരസ്യം 'അവൾ ' പോയാൽ ഒന്നും നടക്കില്ല എന്നും ആൺകുട്ടി തന്നെ പോകണം കാര്യങ്ങൾ ശരിയാക്കാൻ എന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പാര്‍ലമെന്‍റില്‍ ശ്രീമതി നടത്തിയ പ്രസംഗങ്ങളെയും പരസ്യം കളിയാക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. 

"ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി"  എന്ന പരസ്യത്തിലെ കഥാപാത്രത്തിന്‍റെ പ്രസ്താവനക്കെതിരെ കടുത്ത വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. പെൺകുട്ടികളെ കൊണ്ട് ഒന്നിനും കഴിയില്ലെന്നുള്ള കടുത്ത സ്ത്രീ വിരുദ്ധ നിലപാട് ഉയർത്തിപ്പിടിക്കുന്നതാണ് പരസ്യമെന്നാണ് ആരോപണം. നേരത്തെ ഇറച്ചിവെട്ടുന്നയാളെ തൊഴിലിന്‍റെ പേരിൽ ആക്ഷേപിച്ചെന്ന പരാതി സുധാകരന്‍റെ മറ്റൊരു പ്രചാരണ പരസ്യത്തിനെതിരെ ഉയർന്നിരുന്നു.

എന്നാൽ ഇതെല്ലാം സ്ത്രീ വോട്ടർമാർക്കിടയിലെ തന്‍റെ സ്വീകാര്യത കുറക്കാനുള്ള സിപിഎം തന്ത്രമാണെന്നായിരുന്നു സുധാകരന്‍റെ പ്രതികരണം.

Follow Us:
Download App:
  • android
  • ios