മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചതിന് കളക്ടറുടെ താക്കീത് കിട്ടിയ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എൻകെ പ്രേമചന്ദ്രൻ ജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഎം.

കൊല്ലം: മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചതിന് കളക്ടറുടെ താക്കീത് കിട്ടിയ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എൻകെ പ്രേമചന്ദ്രൻ ജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഎം. പരാതിയിൻമേലുള്ള തന്‍റെ വിശദീകരണം അംഗീകരിക്കുക മാത്രമാണ് കളക്ടര്‍ ചെയ്തതെന്നാണ് പ്രേമചന്ദ്രന്‍റെ നിലപാട്. ഭക്ഷണപ്പൊതി വിതരണത്തില്‍ ചട്ടലംഘനമുണ്ടെന്ന യുഡിഎഫ് പരാതിയില്‍ സിപിഎം ഇന്ന് കളക്ടര്‍ക്ക് വിശദീകരണം നല്‍കും.

പ്രസംഗത്തിന്‍റെ പേരില്‍ പ്രേമചന്ദ്രൻ നല്‍‍കിയ വിശദീകരണം അംഗീകരിച്ച കളക്ടറുടെ കണ്ടെത്തലുകള്‍ ഇങ്ങനെ. പ്രേമചന്ദ്രന്‍റെ പ്രസംഗം പരോക്ഷമമായി തെറ്റാണ്. ഇനി ആവര്‍ത്തിക്കരുത്. ആവര്‍ത്തിച്ചാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റം ലംഘിച്ചതിന് കര്‍ശന നടപടി ഉണ്ടാകും. തങ്ങള്‍ നല്‍കിയ പരാതി പ്രകാരം കളക്ടര്‍ എടുത്ത നടപടി സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം വ്യക്തമാക്കി. അതേസമയം പരാതിയിൻമേലുള്ള തന്‍റെ വിശദീകരണം അംഗീകരിക്കുക മാത്രമാണ് കളക്ടര്‍ ചെയ്തതെന്നായിരുന്നു പ്രേമചന്ദ്രന്‍ പറഞ്ഞത്.

ജില്ലാ ആശുപത്രിയിലെ ഭക്ഷണപ്പൊതി വിതരണം ചട്ടലംഘമാണെന്ന് കാണിച്ച് യുഡിഎഫ് നല്‍കിയ പരാതിയില്‍ വിശദീകരണം കേട്ട ശേഷം ഇന്ന് തന്നെ തീര്‍പ്പാക്കും.അതേസമയം ഭക്ഷണപ്പൊതി വിതരണം ചട്ടലംഘനമായി കാണിച്ച് പരാതി നല്‍കിയതില്‍ യുഡിഎഫിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. എതിര്‍ഭാഗം സാമൂഹ്യമാധ്യമങ്ങള്‍ വഴി ഈ വിഷയം അനുകൂലമാക്കി മാറ്റാൻ സാധ്യതയുണ്ടെന്നും യുഡിഎഫ് കോര്‍കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.