കൊല്ലം: പഴുതടച്ച് പ്രചാരണം നടത്തിയിട്ടും പാര്‍ട്ടി കോട്ടകൾ പോലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എൻകെ പ്രേമചന്ദ്രനെ പിന്തുണച്ചതിന്‍റെ ഞെട്ടലിലാണ് കൊല്ലത്തെ സിപിഎം. പ്രേമചന്ദ്രൻ മാത്രമല്ല അന്തിമ ഫലം പരിശോധിക്കുമ്പോൾ കിട്ടുന്നത്  ബിജെപിയിലേക്ക് പോലും പാര്‍ട്ടി വോട്ടുകൾ ചോര്‍ന്നിട്ടുന്ന വ്യക്തമായ സൂചനയാണ്. 

2014 ൽ ഇടത് പാളയം വിട്ട് യുഡിഎഫിനൊപ്പം ചേര്‍ന്ന് മത്സരിച്ച എൻകെ പ്രേമചന്ദ്രൻ ഇടത് സ്ഥാനാര്‍ത്ഥി എംഎ ബേബിയെ തോൽപ്പിച്ചത് 37,649 വോട്ടിനാണ്. അന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പിഎം വേലായുധന് കിട്ടിയത് വെറും 58,671 വോട്ടുകള്‍. തുടര്‍ന്ന് വന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം ലോക്സഭാ മണ്ഡലത്തിൽ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ഇടതുമുന്നണി ജയിച്ചു.1,76,040 വോട്ടുകളാണ് 2016-ല്‍ എല്‍ഡിഎഫിന് യുഡിഎഫിനേക്കാള്‍ അധികം ലഭിച്ചത്. എൻഡിഎയുടെ  വോട്ടാകട്ടെ നിയമസഭാ തെരഞ്ഞെടുപ്പിൽ പതിമൂന്നര ശതമാനമായി. കൊല്ലം ലോക്സഭാ മണ്ഡലത്തിൽ ഉള്‍പ്പെടുന്ന ഏഴ് നിയോജകമണ്ഡലങ്ങളില്‍ നിന്നായി 130672 വോട്ടാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ പിടിച്ചത്. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലമായ കുണ്ടറയിൽ പുറകിൽ പോയെങ്കിലും ചടയമംഗലം, പുനലൂർ എന്നീ മണ്ഡലങ്ങളിൽ എംഎ ബേബി ലീഡ് ചെയ്തിരുന്നു. എന്നാല്‍ ഇക്കുറി ചിത്രം മാറി പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിൽ പോലും അതിശക്തമായ തിരിച്ചടിയാണ് ഇത്തവണ സിപിഎമ്മിന് കിട്ടിയത്. പുനലൂരിൽ കഴിഞ്ഞ തവണ 4640 വോട്ടുകളുടെ ലീഡാണ്  എംഎ ബേബിക്ക് കിട്ടിയത് എന്നാല്‍ ഇക്കുറി എന്‍കെ പ്രേമചന്ദ്രന്‍ ഇവിടെ 18,666 വോട്ടുകള്‍ക്ക് മുന്‍പിലെത്തി. ചടയമംഗലത്ത് കഴിഞ്ഞ തവണ സിപിഎം നേടിയ 6806 വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാര്‍ത്ഥി 14,232 ലീഡാക്കി മാറ്റി. അതായത് പാര്‍ട്ടി വോട്ടുകൾ കൂട്ടത്തോടെ പ്രേമചന്ദ്രന് അനുകൂലമായി പോൾ ചെയ്തു. 

മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഇരവിപുരത്ത് എല്‍ഡിഎഫിന് 6564 വോട്ട് ലീഡ് ഉണ്ടായിരുന്നിടത്ത് ഇക്കുറി പ്രേമചന്ദ്രന്‍റെ ഭൂരിപക്ഷം 23,420 ആയി. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തി ബിജെപി അത്ഭുതം കാട്ടിയ ചാത്തന്നൂരില്‍ ഇക്കുറി അവര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇവിടെ 17032 വോട്ടുകളുടെ ലീഡാണ് എന്‍കെ പ്രേമചന്ദ്രന്‍ സ്വന്തമാക്കിയത്. 2016-ല്‍ യുഡിഎഫ്- 30,139 എല്‍ഡിഎഫ്- 67606, എന്‍ഡിഎ - 33,199 എന്നായിരുന്നു വോട്ടുനിലയെങ്കില്‍ ഇപ്പോള്‍ അത് യുഡിഎഫ്- 63146 എല്‍ഡിഎഫ്- 46114, എന്‍ഡിഎ -19621 എന്നായി മാറി. 

എൻഡിഎ സ്ഥാനാര്‍ത്ഥി പി എം വേലായുധൻ 2014 ൽ കൊല്ലത്ത് പിടിച്ചത് 58,671 വോട്ടാണ്. ഇക്കുറി കെവി സാബു പിടിച്ചത് 102319  വോട്ടുകള്‍. അതായത് 2014-ല്‍ നേടിയതിനും നേരെ ഇരട്ടി. 2016 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴു മണ്ഡലങ്ങളിൽ നിന്ന് ബിജെപി 1,30,672  വോട്ട് നേടിയിരുന്നെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ ത‍ര്‍ക്കം കാരണം വലിയ മുന്നേറ്റം ബിജെപി ഉണ്ടാക്കാനിടയില്ലെന്ന വിലയിരുത്തലും കൊല്ലത്ത് സജീവമായിരുന്നു. പരമ്പരാഗത ശക്തി കേന്ദ്രങ്ങളിൽ പോലും പുറകിൽ പോയിട്ടും ബിജെപി സ്ഥാനാര്‍ത്ഥി  ഇത്തവണ 102319 വോട്ട് നേടി.  ബിജെപി പ്രതീക്ഷിക്കാത്ത വോട്ട് പോലും ബിജെപി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി പോൾ ചെയ്യപ്പെട്ടെന്ന വിലയിരുത്തലാണ് ഇപ്പോഴുള്ളത്. 

ചുരുക്കി പറഞ്ഞാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി യുഡിഎഫിനേക്കാൾ അധികം നേടിയ ഒന്നേമുക്കാൽ ലക്ഷം വോട്ടിന് തൊട്ടടുത്താണ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിൽ എൻകെ പ്രേമചന്ദ്രന്‍റെ ഭൂരിപക്ഷം. 1,48,856 വോട്ടുകളുടെ ഭൂരിപക്ഷത്തിന് എന്‍കെ പ്രേമചന്ദ്രൻ ജയിച്ച് നിൽക്കുമ്പോൾ പാര്‍ട്ടി വോട്ട് എവിടെ പോയെന്ന് പ്രത്യേകം പറയേണ്ടതുമില്ല. ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷം പാര്‍ട്ടി വോട്ടെങ്കിലും ഇത്തവണ എൻകെ പ്രേമചന്ദ്രനും ബിജെപി പാളയത്തിലേക്കുമായി ചിതറി പോയെന്ന് വ്യക്തം