ആലപ്പുഴ: മനു സി പുളിക്കലിലൂടെ, ചെങ്ങന്നൂർ മോഡൽ പരീക്ഷണമാണ് അരൂരിൽ സിപിഎം ലക്ഷ്യമിടുന്നത്. മണ്ഡലത്തിൽ സുപരിചിതനായ യുവാവ് എന്ന പ്രതിച്ഛായ മനുവിന് ഗുണം ചെയ്യുമെന്നാണ് ഇടതുപക്ഷത്തിന്‍റെ കണക്ക് കൂട്ടൽ. നാളെയാണ് മനു സി പുളിക്കൽ സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക നൽകുക.  

വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തുടങ്ങി ജില്ലാ പഞ്ചായത്ത് മെമ്പർ വരെയായ ചെറുപ്പക്കാരൻ, അരൂരിലെ പരിചതമുഖമാണ് മനു സി പുളിക്കൽ. ചെറുപ്രായത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലെത്തിയ മനുവിന് യുവ വോട്ടർമാരെ സ്വാധീനക്കാൻ കഴിയുമെന്നും പാർട്ടി കണക്കുകൂട്ടുന്നു. പരമ്പരാഗത ഇടതുമണ്ഡലത്തിൽ പാർട്ടി വോട്ടുകൾക്കൊപ്പം ന്യൂനപക്ഷ വോട്ടുകളും സ്ഥാനാർത്ഥി നേടുമെന്നാണ് സിപിഎം വിലയിരുത്തൽ. 

മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള എസ്എൻഡിപിയുടെ പിന്തുണയും ഇടതുമുന്നണി പ്രതീക്ഷിക്കുന്നു. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ മേൽക്കൈ ഇടതുപക്ഷം നിസാരമായി കാണുന്നില്ല. 

സ്ഥാനാർത്ഥി നിർണയത്തിൽ യുഡിഎഫിലും എൻഡിഎയിലും ഉണ്ടായ കാലതാമസം ആദ്യഘട്ട പ്രചരണത്തിൽ ഗുണചെയ്യുമെന്ന് എൽഡിഎഫ് കരുതുന്നു. തിങ്കളാഴ്ച തുറവൂരിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കും.