കൊല്‍ക്കത്ത: സിപിഎമ്മിന്റെ രൂപീകരണ ശേഷം ആദ്യമായാണ് ബംഗാളിൽ നിന്ന് പാർട്ടിക്ക് ലോക്സഭാ പ്രാതിനിധ്യം ഇല്ലാതാകുന്നത്. ത്രിണമൂൽ സർക്കാരിനെതിരായ ഭരണ വിരുദ്ധവികാരം മുതലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടതായി സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മിനെ പതിറ്റാണ്ടുകളോളം തലയെടുപ്പോടെ നിലനിർത്തിയത് ബംഗാളിലെ സുശക്തമായ പാർട്ടി സംഘടനയായിരുന്നു. 1989ലും 1996ലും 2004ലും കേന്ദ്ര സർക്കാർ രൂപീകരണത്തിൽ നിർണായക ശക്തിയാകാൻ കഴിഞ്ഞതും ബംഗാളിൽ നിന്നുള്ള അംഗബലത്തിന്റെ കരുത്തിലാണ്. എന്നാൽ നന്ദീഗ്രാമും സിങ്കൂരും സൃഷ്ടിച്ച ഭരണ വിരുദ്ധ വികാരത്തിൽ 2009 മുതൽ സിപിഎം ബംഗാളിൽ തിരിച്ചടി നേരിട്ടു തുടങ്ങി. 

പക്ഷേ തിരുത്തലുകൾ മാത്രം ഉണ്ടായില്ല. 2011 ൽ ഭരണത്തിൽ നിന്ന് പുറത്തായിട്ടും 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തകർന്നടിഞ്ഞിട്ടും നയം മാറ്റാൻ നേതൃത്വം തയ്യാറായില്ല. തൃണമൂൽ കോൺഗ്രസിന്റെ മസിൽ പവറിനു മുന്നിൽ പിടിച്ചു നിൽക്കാനാകാതെ അണികൾ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകുന്നതും നേതാക്കൾ തിരിച്ചറിഞ്ഞില്ല. ഒടുവിൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ നേതൃത്വം വീഴ്ച തുറന്നു സമ്മതിക്കുകയാണ്. 

കഴിഞ്ഞ വട്ടം രണ്ട് സീറ്റുകളിൽ ജയിച്ച സിപിഎമ്മിന് ഇക്കുറി ഒരിടത്തും  രണ്ടാം സ്ഥാനത്ത് പോലും എത്താനായില്ല. ജാദവ്പൂരിലും ബാംഗുരയിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്താതിരിന്നിട്ടും സിപിഎമ്മിന് മുന്നേറ്റം നടത്താനായില്ല. കോൺഗ്രസ് സഖ്യനീക്കം വിജയത്തിലെത്തിക്കാൻ കഴിയാഞ്ഞതും  തിരിച്ചടിയായി. ബംഗാളിലെ പ്രധാന പ്രതിപക്ഷമായി ബിജെപി ചുവടുറപ്പിച്ചു കഴിഞ്ഞു. അണികൾക്ക് ആവേശം പകരുന്ന നേതാക്കളോ ആത്മവിശ്വാസം പകരുന്ന പരിപാടികളോ ഇന്ന് ബംഗാൾ ഘടകത്തിലില്ല.

യാന്ത്രികമായി ചലിക്കുന്ന പാർട്ടി സംവിധാനങ്ങളുമായി പുതിയ സാഹചര്യത്തിൽ ബംഗാൾ സിപിഎമ്മിന് എത്രകണ്ട് തിരിച്ചുവരവ് നടത്താനാകുമെന്നാണ് ഇനി കണ്ടറിയേണ്ടത്.