പി വാസുവിനെതിരെ നടപടിയെടുക്കാത്തതിനെതിരെ പ്രാദേശിക സിപിഎം നേതാക്കള്‍ രാജിക്കൊരുങ്ങുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കില്ലെന്നാണ് എട്ടു ലോക്കല്‍ കമ്മിറ്റികളുടെ ഭീഷണി.

വയനാട്: മാനന്തവാടിയില്‍ പാര്‍ട്ടി പ്രവർത്തകന്‍റെ ആത്മഹത്യക്ക് കാരണക്കാരനായ സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ പുറത്താക്കാത്തതില്‍ പ്രതിഷേധം ശക്തമാവുന്നു. പി വാസുവിനെതിരെ നടപടിയെടുക്കാത്തതിനെതിരെ പ്രാദേശിക സിപിഎം നേതാക്കള്‍ രാജിക്കൊരുങ്ങുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കില്ലെന്നാണ് എട്ടു ലോക്കല്‍ കമ്മിറ്റികളുടെ ഭീഷണി.

തവിഞ്ഞാല്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരാനായ അനില്‍കുമാർ ഡിസംബര്‍ ഒന്നിനാണ് ജീവനൊടുക്കിയത്. അനില്‍കുമാറിന്‍റെ ആത്മഹത്യക്കുറിപ്പിന്‍റെ അടിസ്ഥാനത്തില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് പ്രസിഡന്‍റുമായ പി വാസുവിനെ പാര്‍ട്ടി ചുമതലകളിൽ നിന്ന് നീക്കി. തുടർന്ന് മാനന്തവാടി ഏരിയാ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ വാസു കുറ്റകാരനെന്നും കണ്ടെത്തി. 

വാസുവിനെ പാർട്ടിയില്‍ നിന്നും പുറത്താക്കണമെന്നായിരുന്നു മാനന്തവാടിക്ക് കീഴിലുള്ള എട്ടു ലോക്കല്‍ കമ്മിറ്റികളുടെ ആവശ്യം. എന്നാല്‍, തെരഞ്ഞെടുപ്പിന് മുമ്പ് പുറത്താക്കാനില്ലെന്നാണ് ജില്ലാ കമ്മിറ്റിയുടെ നിലപാട് ഇതില്‍ പ്രതിഷേധിച്ച എരിയാ സെക്രട്ടറി അടക്കമുള്ള ആറ് പേരെ പാര്‍ട്ടി ചുമതലകളിൽ നിന്നും മാറ്റി. ഇതോടെയാണ് മാനന്തവാടിയില്‍ സിപിഎം നേതാക്കള്‍ കൂട്ടത്തോടെ രാജിക്കൊരുങ്ങുന്നത്.