ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ദില്ലിയിലെ ഏഴ് മണ്ഡലങ്ങളിലും ആം ആദ്മി പാര്‍ട്ടി സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാൻ സിപിഎം തീരുമാനം. എഎപി സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്നും അവരുടെ വിജയത്തിനായി രംഗത്തിറങ്ങുമെന്നും സിപിഎം ദില്ലി സംസ്ഥാന സെക്രട്ടറി കെ എം തിവാരി അറിയിച്ചു. എന്നാൽ എഎപിക്ക് പരസ്യ പിന്തുണ നൽകാൻ സിപിഎം മുന്നോട്ട് വന്നില്ല.   
 
വയനാട്ടില്‍ ഇടതിനെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിച്ചതിലുള്ള എതിർപ്പ് സിപിഎം സംസ്ഥാന കമ്മിറ്റി പുറപ്പെടുവിച്ച പ്രസ്താവനയിൽ പ്രകടമായിരുന്നു. ബിജെപിയ്ക്കെതിരെ വിശ്വാസയോഗ്യമായ വെല്ലുവിളി ഉയര്‍ത്താൻ കോൺഗ്രസിന് കഴിയില്ലെന്ന് സിപിഎം ദില്ലി സംസ്ഥാന സെക്രട്ടറി പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ദില്ലിയിൽ വലിയ ജനപിന്തുണയില്ലാത്ത കോൺഗ്രസിന് ബിജെപിയല്ല എഎപിയാണ് മുഖ്യശത്രു എന്ന രീതിയിലാണ് പ്രവര്‍ത്തനമെന്നും പ്രസ്താവനയിൽ പറയുന്നു. 

കോൺ​ഗ്രസ് മൃദു ഹിന്ദുത്വസമീപനം പുലര്‍ത്തുകയും രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ദില്ലിയിൽ കോണ്‍ഗ്രസിന്റെ ഒരു സ്ഥാനാര്‍ത്ഥിയെയും പിന്തുണയ്ക്കില്ലെന്ന് കെ എം തിവാരി വ്യക്തമാക്കി. കൂടാതെ ബിജെപി സ്ഥാനാര്‍ത്ഥികളെ തോൽപ്പിക്കാൻ പാര്‍ട്ടി രംഗത്തിറങ്ങുമെന്നും അതിനു സഹായകമായ വിധത്തിൽ ജനാധിപത്യ പാര്‍ട്ടികളെ പിന്തുണയ്ക്കുമെന്നും പാര്‍ട്ടി ദില്ലി സംസ്ഥാന നേതൃത്വം വ്യക്തമാക്കി. അതേസമയം, ബിജെപിയെ പരാജയപ്പെടുത്താന്‍ മതനിരപേക്ഷ പാര്‍ട്ടികളെ പിന്തുണയ്ക്കുമെന്ന നിലപാടിലാണ് സിപിഐ.