ജലനിരപ്പ് താഴ്ത്തണമെന്ന് കേരളം നിരന്തരം നിലപാടെടുക്കുമ്പോഴാണ് തമിഴ്നാട്ടിൽ സിപിഎം വ്യത്യസ്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഡിഎംകെ അധികാരത്തിൽ എത്തിയാൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സുപ്രീം കോടതി നിർദേശപ്രകാരം 152 അടിയായി ഉയർത്താനുള്ള നീക്കം ശക്തമാക്കുമെന്ന് എം കെ സ്റ്റാലിൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന വാഗ്ദാനവുമായി സിപിഎമ്മിന്‍റെ തമിഴ്നാട് പ്രകടന പത്രിക. ജലനിരപ്പ് താഴ്ത്തണമെന്ന് കേരളം നിരന്തരം നിലപാടെടുക്കുമ്പോഴാണ് തമിഴ്നാട്ടിൽ സിപിഎം വ്യത്യസ്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇക്കുറി ഡിഎംകെ അടങ്ങുന്ന മുന്നണിയുടെ ഭാഗമായാണ് തമിഴ്നാട്ടിൽ സിപിഎം മത്സരിക്കുന്നത്. 

ഡിഎംകെ സഖ്യത്തില്‍ രണ്ട് സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. തമിഴ്നാട് സെക്രട്ടറി കെ.ബാലകൃഷ്ണന്‍റെ നേതൃത്വത്തില്‍ മധുരയിലാണ് സിപിഎം തിരഞ്ഞെടുപ്പ് വാഗ്ദാന പത്രിക പുറത്തിറക്കിയത്. കാര്‍ഷിക ഉല്‍പന്നങ്ങള്‍ താങ്ങുവില നല്‍കി ഏറ്റെടുക്കുന്നതിന് നിയമ നിര്‍മ്മാണം നടത്തുമെന്നും നീറ്റ് പരീക്ഷ റദ്ദാക്കുമെന്നുമാണ് പ്രകടനപത്രികയിലെ മറ്റ് പ്രധാന വാഗ്ദാനങ്ങള്‍. 

തമിഴ്നാട്ടിൽ ഡിഎംകെ അധികാരത്തിൽ എത്തിയാൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സുപ്രീം കോടതി നിർദേശപ്രകാരം 152 അടിയായി ഉയർത്താനുള്ള നീക്കം ശക്തമാക്കുമെന്ന് എം കെ സ്റ്റാലിൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള നീക്കത്തെ ശക്തമായി തടയുമെന്ന് പറഞ്ഞ സ്റ്റാലിന്‍റെ അതേ നിലപാടാണ് ഇപ്പോൾ തമിഴ്നാട് സിപിഎമ്മും സ്വീകരിച്ചിരിക്കുന്നത്.

തേനി അടക്കം അഞ്ച് ജില്ലകളിലെ വൈകാരിക വിഷയമാണ് മുല്ലപ്പെരിയാർ ഇത് കണ്ടാണ് ഡിഎംകെ സഖ്യം ജലനിരപ്പ് കൂട്ടുമെന്ന നിലപാടടെുക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് ജലനിരപ്പ് 142 അടി ഉയർന്നപ്പോൾ സുപ്രീം കോടതി ഇടപെടലിലൂടെയാണ് ജലനിരപ്പ് 139 അടിയിലേക്ക് താഴ്ത്തിയത്.