പൊന്നാനി: മുസ്ലീം ലിഗ്, എസ്‍ഡിപിഐ ചര്‍ച്ച തെരഞ്ഞെടുപ്പിൽ സിപിഎം ആയുധമാക്കുമ്പോൾ, പ്രതിരോധിക്കാൻ പാടുപെടുകയാണ് ലീഗ് നേതാക്കൾ. പൊന്നാനിയിലെ ലീഗ്, കോൺഗ്രസ് തർക്കം അവസാനിച്ചെന്ന് ആണയിടുമ്പോഴും പ്രതിസന്ധിയെ കുറിച്ച് ലീഗിന് ബോധ്യമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം പൊന്നാനിയില്‍ യുഡിഎഫിനുള്ളത് 5986 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ്.

എന്നാല്‍ കൂടിക്കാഴ്ച യാദൃശ്ചികമായിരുന്നുവെന്നാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെയും ഇ ടി മുഹമ്മദ് ബഷീറിന്‍റെയും വിശദീകരണം. മലപ്പുറം, പൊന്നാനി സംയുക്ത പാർലമെന്‍റ് മണ്ഡലം കമ്മിറ്റി യോഗത്തിലാണ് വിശദീകരണം നൽകിയത്. 

എസ്‍ഡിപിഐ ബന്ധം ഏറെക്കാലമായി ഇരുമുന്നണികളും പരസ്പരം ആരോപിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ധാരണയ്ക്കുള്ള നീക്കം തെളിവ് സഹിതം പുറത്ത് വരുന്നത് ഇത് ആദ്യമാണ്. പൊന്നാനിയില്‍ തോല്‍ക്കുമെന്ന പേടി കാരണം മലപ്പുറത്തേക്ക് മാറാന്‍ ശ്രമിച്ച ഇടിയെ അവിട തന്നെ തളച്ച കുഞ്ഞാലിക്കുട്ടി തന്നെ ഇടിയെ രക്ഷിക്കാന്‍ മുന്‍ കൈ എടുക്കുകയായിരുന്നു. 

2014ലെ കണക്കു പ്രകാരം പൊന്നാനിയില്‍ എസ്‍ഡിപിഐക്ക് 26000 വോട്ടുകളുണ്ട്. കേഡര്‍ സംവിധാനമുള്ള സംഘടനയെന്ന നിലയ്ക്ക് പോപ്പുലര്‍ ഫ്രണ്ടിന് വോട്ട് മറിക്കാനെളുപ്പമാണെന്ന് ലീഗ് കണക്ക് കൂട്ടി. പൊന്നാനിയില്‍ എസ്ഡിപിഐ സ്വന്തം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരിക്കെയാണ് ഈ നീക്കമെന്നത് അവര്‍ക്കും അണികളുടെയിടയില്‍ തലവേദനയുണ്ടാക്കും.

2014ല്‍ പൊന്നാനിയില്‍ ഏറെ വിയര്‍ത്താണ് ബഷീര്‍ ജയിച്ച് കയറിയത്. 2016ലെ നിയമസഭാതെരഞ്ഞെടുപ്പില കണക്കനുസരിച്ച് വെറും 5986 വോട്ടുകളുടെ ലീഡ് മാത്രമാണ് യുഡിഎഫിനുള്ളത്. തൃത്താല തവനൂര്‍ പൊന്നാനി എന്നി കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്ന് അന്‍വറിന് കൂടുതല്‍ വോട്ട് ചോര്‍ന്ന് കിട്ടും. തിരുരങ്ങാടിയും താനുരും പോലുള്ള ലീഗ് മണ്ഡലങ്ങളിലും പാര്‍ട്ടിക്ക് ദൗര്‍ബല്യങ്ങളേറെയുണ്ട്. ഇതാണ് പാര്‍ട്ടിക്കകത്ത് എസ്‍ഡിപിഐയോടുള്ള എതിര്‍പ്പ് മറികടന്ന് കുഞ്ഞാലിക്കുട്ടിയും ബഷീറും രഹസ്യ ചര്‍ച്ചയ്ക്ക് പോയതിന്‍റെ കാരണങ്ങള്‍. 

ലീഗ് എസ്‍ഡിപിഐ ചര്‍ച്ച വിഷയമാക്കി. മതേതര വോട്ടുകളും ഹിന്ദുവോട്ടുകളും നേടാന്‍ ഇടതുപക്ഷം ശ്രമിക്കും. ഇ കെ സുന്നികളടക്കമുള്ള മുസ്ലിം ലീഗിനെ പിന്തുണക്കുന്ന പ്രബല സംഘടനകള്‍ ലീഗ് നേതൃത്വത്തെ എസ്‍ഡിപിഐ ബന്ധത്തില്‍ എതിര്‍പ്പറിയിച്ചതായി സൂചനയുണ്ട്. മലപ്പുറത്തടക്കം എസ്‍ഡിപിഐ സ്ഥാനാര്‍ത്ഥികളെ ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കാതിരുന്നതും ഒത്തുകളിയുടെ ഭാഗമാണെന്ന ആരോപണം ഇനി ബലപ്പെടും. എസ്‍ഡിപിഐ മത്സരിക്കാത്ത 14 മണ്ഡലങ്ങളിലെ വോട്ടുകള്‍ കിട്ടുമെന്ന പ്രതീക്ഷയുള്ളതിനാല്‍ കോണ്‍ഗ്രസ് കരുതലോടെയാണ് പ്രതികരികക്കുന്നത്.