തിരുവനന്തപുരം: പോസ്റ്റൽ ബാലറ്റുകളുടെ കണക്കെടുത്ത് ക്രൈം ബ്രാഞ്ച്. ഓരോ ജില്ലയിലെ എത്ര പൊലീസുകാർ പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചിട്ടുണ്ടെന്ന് കണക്ക് നൽകാൻ ക്രൈം ബ്രാഞ്ചിന്റെ നോട്ടീസ്. ജില്ലാ നോഡൽ ഓഫീസർമാർക്കാണ് ക്രൈംബ്രാഞ്ച് എസ് പി സുദർശൻ നോട്ടീസ് നൽകിയത്. നാളെ വൈകുന്നേരത്തിന് മുമ്പ് കണക്കുകൾ നൽകാനും നിർദ്ദേശം. 

കാസർഗോഡ് ബേക്കൽ സ്റ്റേഷനിലെ 33 പൊലീസുകാർക്ക് പോസ്റ്റൽ ബാലറ്റുകള്‍ ലഭിച്ചിട്ടില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. അട്ടിമറി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസുകാർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. സംഭവത്തെ കുറിച്ച് ക്രൈംബ്രാ‌ഞ്ച് അന്വേഷത്തിന് ഡിജിപി ഉത്തരവിട്ടു. കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ നിയമസഭ മണ്ഡലങ്ങളിലെ വോട്ടർമാരായ 33 പൊലീസ് ഉദ്യോഗസ്ഥർക്കാണു പോസ്റ്റൽ ബാലറ്റ് ലഭിക്കാത്തത്. കഴിഞ്ഞ മാസം 12ന് പൊലീസുകാരെല്ലാം പോസ്റ്റൽ ബാലറ്റിനായി അപേക്ഷള്‍ ഒരുമിച്ച് സമർപ്പിച്ചിരുന്നു.

പക്ഷെ സ്റ്റേഷനിലെ സിഐ ഉള്‍പ്പെെ 11 പൊലീസുകാർക്ക് മാത്രമാണ് പോസ്റ്റൽ ബാലറ്റുകളെത്തിയതെന്നാണ് പരാതി. കൂത്തുപറമ്പ്, പയ്യന്നൂർ, കല്യാശേരി, ആലപ്പുഴ, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലെ ഉദ്യോഗസ്ഥർക്കാണ് ബാലറ്റ് ലഭിച്ചത്. അപേക്ഷിച്ചവർക്കുള്ള മുഴുവൻ ബാലറ്റ് പേപ്പറും അയച്ചിട്ടുണ്ടെന്നായിരുന്നു ഇതേ കുറിച്ച് അന്വേഷിച്ചപ്പോൾ അസി.റിട്ടേണിങ് ഓഫിസർമാർ പൊലീസുകാർക്ക് നൽകിയ മറുപടി. 

ഇതേതുടർന്നാണ് ബാലറ്റ് പേപ്പർ കിട്ടത്ത പൊലീസുകാർ കളക്ടർക്ക് പരാതി നൽകിയത്. ബേഡകം ,മഞ്ചേശ്വരം സ്റ്റേഷനുകളിലെ 2 ഉദ്യോഗന്ഥർക്കും ബാലറ്റ് കിട്ടിയില്ല എന്ന് പരാതി ഉണ്ട്. ഡിജിപി നിർദ്ദേശ പ്രകാരം കാസർഗോഡെ പോസ്റ്റൽ ബാലറ്റ് പരാതിയെ കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. എല്ലാ അപേക്ഷകളും റിട്ടേണിംഗ് ഓഫീസർക്ക് നൽകിയിട്ടുണ്ടെന്ന് സ്റ്റേഷനിൽ ചുമതലയുള്ള റൈറ്റർ ക്രൈംബ്രാഞ്ച് ഡിവഎസ്പിക്ക് നൽകിയ മൊഴി. നാളെ കളക്ടറേറ്റിൽ നിന്നും പോസ്റ്റൽ അപേക്ഷയുടെ വിശദംശങ്ങള്‍ ശേഖരിച്ചാൽ മാത്രമേ ഏതെങ്കിലും തരത്തിലുള്ള അട്ടിമറിയാണോ, സാങ്കേതിക പ്രശ്നങ്ങളാണോയെന്ന് വ്യക്തമാവുകയുള്ളൂവെന്ന് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. 

പോസ്റ്റൽ വോട്ടിലെ ക്രമക്കേടിനെ കുറിച്ച് എസ്പി സുദർശൻറെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. 15ന് ഇടക്കാല റിപ്പോർട്ട് ക്രൈം ബ്രാഞ്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകും. പോസ്റ്റൽ വോട്ടുകള്‍ കൂട്ടത്തോടെ ശേഖരിക്കുന്നുവെന്ന വിവരത്തിൻറെ അടിസ്ഥനത്തിൽ കണ്ണൂർ എ.ആർ.ക്യാമ്പിലും ഇന്നലെ പരിശോധന നടന്നിരുന്നു, പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകള്‍ പിൻവലിച്ച് വീണ്ടും വോട്ടു ചെയ്യാൻ സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് നാളെ പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിക്കും.