തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച പല സ്ഥാനാര്‍ത്ഥികളുടേയും ഭാവി സുപ്രീംകോടതി തീരുമാനിക്കും. ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയവരുടെ കാര്യത്തില്‍ സുപ്രീംകോടതിയുടെ തീരുമാനം നിർണ്ണായകമാകും. പലരും ഇത് ഗൗരവമായെടുത്തിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ലോകസ്ഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും തങ്ങളുടെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ വിശാദംശങ്ങള്‍ വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് പരസ്യപ്പെടുത്തണമെന്നായിരുന്നു സുപ്രീംകോടതി കഴിഞ്ഞ സെപ്റ്റംബര്‍ 25ന് ഉത്തരവിട്ടത്. അതാത് ജില്ലകളില്‍ ഏറ്റവും പ്രചാരമുള്ള മൂന്ന് പത്രങ്ങളിലും മൂന്ന് ടിവി ചാനലുകളിലുമായിരുന്നു പരസ്യപ്പെടുത്തേണ്ടത്. മൂന്ന് തവണ വീതം പരസ്യം നല്‍കിയിരിക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. 

ഒരു മാസത്തിനുള്ളില്‍ ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിക്ക് കൈമാറും. ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 75 ലക്ഷമാണ്. ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച പരസ്യത്തിന്‍റെ ചെലവ് കൂടി കണക്കിലെടുത്താന്‍ തെരഞ്ഞെടുപ്പ് ചെലവിന് പണമുണ്ടാകില്ലെന്നായിരുന്നു പല സ്ഥാനാര്‍തഥികളുടേയും നിലപാട്.

വോട്ടിംഗ് യന്ത്രവും വിവിപാറ്റും സുരക്ഷിതമാണെന്ന് ലോക്സഭ തെരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. അസംബ്ലി മണ്ഡലാടിസ്ഥാനത്തില്‍ 5 വീതം വിവിപാറ്റ് യന്ത്രത്തിലെ രസീതുകള്‍ എണ്ണി. ഒരിടത്തുപോലും വ്യത്യാസമുണ്ടായില്ല. ആരും പരാതിയും നല്‍കിയില്ല.