ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിദേശത്ത് പോയതിനെ ചൊല്ലി വിവാദം. രാഹുൽ ബാങ്കോംഗിലേക്ക് പോയതാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ഒക്ടോബർ 21-ന് ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് രാഹുലിന്റെ യാത്ര എന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉയർന്നിരിക്കുന്നത്. ശനിയാഴ്ചയാണ് രാഹുൽ ​ഗാന്ധി ബാങ്കോംഗിലേക്ക് പോയത്. അതേസമയം, പത്താം തീയതി മുതൽ പത്തു ദിവസം രാഹുൽ പ്രചാരണത്തിനെത്തുമെന്നാണ് കോൺഗ്രസിന്‍റെ വിശദീകരണം.

ഉള്‍പ്പാര്‍ട്ടി പോരില്‍ വലയുന്ന ഹരിയാന കോണ്‍ഗ്രസ് ഘടകത്തിന് കടുത്ത ആഘാതമേല്‍പ്പിച്ച് പ്രമുഖ നേതാവ് അശോക് തന്‍വര്‍ പാര്‍ട്ടി വിട്ട സമയത്താണ് രാഹുൽ ബാങ്കോക് സന്ദർശനമെന്നതും ശ്ര​ദ്ധേയമാണ്. കഴിഞ്ഞ മാസം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയപ്പോള്‍ മുതല്‍ ഹൈക്കമാന്‍ഡുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്ന തന്‍വര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം അവശേഷിക്കുമ്പോഴാണ് പാര്‍ട്ടി വിട്ടത്.

Read More:രാഹുലിന്‍റെ വിശ്വസ്തരെ തഴയുന്നു; യുവനേതാവ് അശോക് തന്‍വര്‍ കോണ്‍ഗ്രസ് വിട്ടു

കോണ്‍ഗ്രസ് പാര്‍ട്ടി ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും ഇതിന് എതിരാളികള്‍ മാത്രമല്ല പാര്‍ട്ടിക്കുള്ളിലെ ശക്തമായ ആഭ്യന്തരപ്രശ്നങ്ങളും കാരണമാണെന്നും സോണിയാ ഗാന്ധിക്ക് അയച്ച രാജിക്കത്തില്‍ അശോക് തന്‍വര്‍ പറഞ്ഞു. താന്‍ എന്തിനാണ് പാര്‍ട്ടി വിട്ടു പോകുന്നതെന്ന് ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തക്കുമറിയാം. കോണ്‍ഗ്രസ് വിട്ടു പോയാലും താന്‍ ബിജെപിയില്‍ ചേരില്ല. വളരെ ദുഖത്തോടെയാണ് കോണ്‍ഗ്രസ് വിടുന്നത്. പാര്‍ട്ടിക്കുള്ളിലെ അനീതിക്കെതിരെ പുറത്തു നിന്നു പോരാടുമെന്നും അശോക് തന്‍വര്‍ വ്യക്തമാക്കി. ഭൂപിന്ദര്‍ സിംഗ് ഹൂഡയും സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ഗുലാം നബി ആസാദും ചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തര്‍ പാര്‍ട്ടിയില്‍ തഴയപ്പെടുന്ന അവസ്ഥയാണെന്നും തന്‍വര്‍ കത്തിൽ ആരോപിച്ചിരുന്നു.