ബെംഗളൂരു: കർണാടകത്തിൽ പതിനഞ്ച് മണ്ഡലങ്ങളിലേക്ക് ഒക്ടോബർ 21 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് യെദിയൂരപ്പ സർക്കാരിന്‍റെ ഭാവി നിർണയിക്കും. അയോഗ്യത നടപടിക്കെതിരായ നിയമപോരാട്ടം പാതിവഴിയിൽ നിൽക്കെ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ്, വിമതർക്ക് തിരിച്ചടിയാണ്. അതേ സമയം സഖ്യം പിരിഞ്ഞ കോൺഗ്രസും ജെഡിഎസും ഒറ്റക്ക് വോട്ടുതേടാനിറങ്ങുകയാണ്.

ആർ ആർ നഗറും മസ്കിയും ഒഴികെ വിമതരുടെ പതിനഞ്ച് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. കോൺഗ്രസിന്‍റെ പതിനൊന്ന് സീറ്റുകളിലും ജെഡിഎസിന്‍റെ മൂന്നും കെപിജെപിയുടെ ഒന്നും സിറ്റിംഗ് സീറ്റുകളിലാണ് തെരഞ്ഞെടുപ്പ്. സഭയിൽ സംഖ്യ തികയുന്നില്ലെന്ന യെദിയൂരപ്പയുടെ ആശങ്ക തീരുമോ, അതല്ല വീണ്ടും കുതിരക്കച്ചവടത്തിന് വഴിതെളിയുമോ എന്ന വിധിയെഴുത്താണ് കർണാടകത്തിൽ.

ഏഴെണ്ണം ജയിച്ചാൽ 224 അംഗ സഭയിൽ ബിജെപി കേവലഭൂരിപക്ഷം ഉറപ്പിക്കും. സംസ്ഥാനത്തെ രാഷ്ട്രീയ അസ്ഥിരതക്ക് താത്കാലിക വിരാമമാകും. പ്രതിപക്ഷത്തെ ഭിന്നിപ്പ് യെദിയൂരപ്പക്ക് ആശ്വാസം നൽകുന്നുണ്ട്. തിരിച്ചടി മാത്രമാണ് കിട്ടിയതെന്നും സഖ്യത്തിനില്ലെന്നും കോൺഗ്രസും ജെഡിഎസും പ്രഖ്യാപിച്ചു കഴിഞ്ഞു. 15 മണ്ഡലങ്ങളിലും ഇരുപാർട്ടികളും സ്ഥാനാർത്ഥികളെ നിർത്തും.

ഡി കെ ശിവകുമാറിന്‍റെ ജയിൽവാസം മുതൽ പ്രളയക്കെടുതി വരെ തെരഞ്ഞെടുപ്പ് വിഷയങ്ങളാവും. അതേ സമയം ഒഴിവ് നികത്താൻ ജനുവരി 27 വരെ സമയമുണ്ടായിട്ടും നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് അയോഗ്യരായ വിമതർക്ക് കനത്ത തിരിച്ചടിയായി. സ്പീക്കറുടെ തീരുമാനത്തിനെതിരായ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതിൽ അനുകൂല ഉത്തരവായില്ലെങ്കിൽ മത്സരിക്കാനാവില്ല. വിമതരുടെ നോമിനികളെ സ്ഥാനാർത്ഥിയാക്കേണ്ടി വന്നാൽ ബിജെപിയിലും പൊട്ടിത്തെറിക്ക് സാധ്യതയുണ്ട്. ഒലിച്ചുപോയ മണ്ണ് വീണ്ടെടുക്കാനുളള പരീക്ഷണമാണ് കോൺഗ്രസിനും ജെഡിഎസിനും. ബിജെപിക്ക് കണക്ക് തെറ്റാതിരിക്കാനും.