കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എന്‍ഡിഎ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ തൃപ്തരാണോ അല്ലോയെന്ന ചോദ്യമാണ് സര്‍വെയില്‍ ഉന്നയിച്ചിരുന്നത്. അടുത്ത ചോദ്യമായി മോദി സര്‍ക്കാരിന് രണ്ടാമതൊരു അവസരം കൊടുക്കുമോ എന്ന ചോദിച്ചത്

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിലെ പ്രചാരണം പുരോഗമിക്കുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാരിന് ആത്മവിശ്വാസമുയര്‍ത്തി സിഎസ്ഡിഎസ്-ലോക്നീതി-ദി ഹിന്ദു-തിരംഗ ടിവി- ദെെനിക് ഭാസ്കര്‍ സര്‍വെ. ആകെ 59 ശതമാനം പേര്‍ എന്‍ഡിഎ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തിയപ്പോള്‍ 35 ശതമാനം പേരാണ് തൃപ്തിയില്ലെന്ന് അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വെയ്ക്ക് ശേഷം എന്‍ഡിഎ സര്‍ക്കാരിനോടുള്ള സമീപനം മാറുന്നുവെന്നാണ് വിലയിരുത്തല്‍. 2018ല്‍ 51 ശതമാനമായിരുന്നു മോദി സര്‍ക്കാരിനെ തൃപ്തികരമായി കണ്ടിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എന്‍ഡിഎ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ തൃപ്തരാണോ അല്ലയോ ചോദ്യമാണ് സര്‍വെയില്‍ ഉന്നയിച്ചിരുന്നത്.

അടുത്ത ചോദ്യമായി മോദി സര്‍ക്കാരിന് രണ്ടാമതൊരു അവസരം കൊടുക്കുമോ എന്നാണ് ചോദിച്ചത്. ഇതില്‍ 46 ശതമാനം പേര്‍ എന്‍ഡിഎ സര്‍ക്കാരിന് വീണ്ടും അവസരം കൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ 36 ശതമാനമാണ് എതിര്‍ത്തത്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനമാണ് മികച്ചതെന്ന് 27 ശതാമനം പറഞ്ഞപ്പോള്‍ 38 ശതമാനം മോദി സര്‍ക്കാരാണ് മികച്ചതെന്ന് വിലയിരുത്തി.

എന്നാല്‍, മോദി സര്‍ക്കാരിന് തിരിച്ചടി നല്‍കുന്ന ചില ഘടകങ്ങളും സര്‍വെയിലുണ്ട്. പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം, അഴിമതി, ആവശ്യസാധനങ്ങളുടെ വില തുടങ്ങിയവ മോദി സര്‍ക്കാരിന്‍റെ കീഴില്‍ വര്‍ധിച്ചതായി സര്‍വെ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, മതങ്ങള്‍ തമ്മിലുള്ള ബന്ധം, തൊഴില്‍ അവസരങ്ങള്‍ തുടങ്ങിയവ കുറഞ്ഞതായും വിലയിരുത്തുന്നു. 19 സംസ്ഥാനങ്ങളിലായി മാര്‍ച്ച് 24 മുതല്‍ 31 വരെയാണ് സര്‍വെ നടത്തിയത്.