തിരുവനന്തപുരം: ലോക്‍സഭാ തെരഞ്ഞെടുപ്പിൽ ആർഎസ്എസ്സ് - യുഡിഎഫ് - എസ്‍ഡിപിഐ അവിശുദ്ധ കൂട്ടുകെട്ടെന്ന ആരോപണവുമായി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അഞ്ച് മണ്ഡലങ്ങളിൽ ബിജെപിയും ആർഎസ്എസ്സും ദുർബലസ്ഥാനാർഥികളെ നിർത്തി യുഡിഎഫിനെ സഹായിക്കും. പകരം തിരുവനന്തപുരത്ത് യുഡിഎഫ് കുമ്മനത്തെ ജയിപ്പിച്ചുകൊടുക്കും. ഇതാണ് ധാരണ - കോടിയേരി പറഞ്ഞു.

കൊല്ലം, എറണാകുളം, വടകര, കോഴിക്കോട്, കണ്ണൂർ എന്നീ മണ്ഡലങ്ങളിൽ ദുർബലരായ സ്ഥാനാർഥികളെ മാത്രമേ എൻഡിഎ കളത്തിലിറക്കൂ. അത്തരമൊരു നിർദേശമാണ് ആർഎസ്എസ് ബിജെപിക്ക് നൽകിയിരിക്കുന്നത്. എന്നാൽ പരസ്പരസഹായമായി കുമ്മനം രാജശേഖരനെ ജയിപ്പിക്കാൻ യുഡിഎഫ് അരയും തലയും മുറുക്കി കളത്തിലിറങ്ങും എന്നാണ് വ്യക്തമാകുന്നത്. അതിനായി വട്ടിയൂർക്കാവ് എംഎൽഎയായ മുരളീധരനെ തിരുവനന്തപുരത്തിന് പകരം വടകരയിൽ നിർത്തിയതെന്തിന്? - കോടിയേരി ചോദിക്കുന്നു.

ഇടത് തരംഗം ഉറപ്പായതോടെയാണ് ഈ നീക്കമെന്നാണ് കോടിയേരി പറയുന്നത്. എറണാകുളത്ത് ടോം വടക്കനെയും വടകരയിൽ സജീവനെയും ആലപ്പുഴയിൽ കെ എസ് രാധാകൃഷ്ണനെയും നിർത്തുന്നതും ഇതിന് ഉദാഹരണമാണ്. 

യുഡിഎഫ് എസ്‍ഡിപിഐയുമായും അവിശുദ്ധകൂട്ടുകെട്ടുണ്ടാക്കി എന്നുറപ്പാണെന്നും കോടിയേരി പറയുന്നു. എസ്‍ഡിപിഐയുമായി ചർച്ച നടത്താൻ ലീഗിനെ ഏൽപിച്ചത് കോൺഗ്രസ് തന്നെയാണ്. പരമാവധി എസ്‍ഡിപിഐ വോട്ടുകൾ മലപ്പുറത്തും പൊന്നാനിയിലും കോഴിക്കോട്ടും ഉറപ്പാക്കാൻ വേണ്ടിയാണ് ഇത്. ഇങ്ങനെ കേരളത്തിൽ ആർഎസ്എസ് - ബിജെപി - യുഡിഎഫ് - എസ്‍ഡിപിഐ അവിശുദ്ധകൂട്ടുകെട്ടാണെന്നും കോടിയേരി ആരോപിക്കുന്നു. 

വടകരയില്‍ കോണ്‍ഗ്രസ് ലീഗ് ബിജെപി സഖ്യത്തിന് സാധ്യതയെന്ന് സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജന്‍ ആരോപിച്ചതിന് പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണം വരുന്നത്. വടകരയിൽ എൽഡിഎഫിനെ എതിർക്കുന്നവരെല്ലാം ഒന്നിക്കാൻ സാധ്യതയുണ്ടെന്നും 91 ലെ കോലീബി സഖ്യം ആവർത്തിച്ചേക്കുമെന്നും ജയരാജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. എല്‍ഡിഎഫ് അതെല്ലാം നേരിടുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

വടകരയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് കെ മുരളീധരനെ തെരഞ്ഞെടുത്ത പശ്ചാത്തലത്തിലായിരുന്നു ജയരാജന്‍റെ പ്രതികരണം. യുഡിഎഫിനും എൻഡിഎയ്ക്കും ഒരു സ്ഥാനാർത്ഥി ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. വടകരയിൽ എതിർ സ്ഥാനാർത്ഥി ആരെന്നതിന് പ്രസക്തിയില്ലെന്നും ജയരാജന്‍ പറഞ്ഞു. 

എന്നാൽ മത്സരത്തില്‍ എതിരാളി ആരെന്ന് നോക്കാറില്ലെന്നും മത്സരം ആശയങ്ങളോടാണെന്നുമാണ് കെ മുരളീധരന്‍ പറഞ്ഞത്. ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് വടകരയിലേത്. താന്‍ ജനാധിപത്യത്തിനൊപ്പവും ഇടതുമുന്നണി അക്രമ രാഷ്ട്രീയത്തിനൊപ്പവുമാണെന്നും മുരളീധരന്‍ പറഞ്ഞു.