Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ വളർച്ചയ്ക്ക് ഏറ്റവും വലിയ തടസ്സം ജനാധിപത്യം: രാകേഷ് ജുൻജുൻവാല

എൻഡിഎയും ബിജെപിയും അധികാരത്തിൽ വരാതിരിക്കുന്ന സാഹചര്യമാണെങ്കിൽ ഓഹരിക്കമ്പോളത്തിൽ വലിയ ഇടിവുണ്ടാകുമെന്നും രാകേഷ് ജുൻജുൻവാല

Democracy biggest hindrance to growth, says billionaire investor Rakesh Jhunjhunwala
Author
Mumbai, First Published May 22, 2019, 6:49 PM IST

മുംബൈ: ഇന്ത്യയിലെ സമ്പദ് വ്യവസ്ഥയ്ക്ക് ഏറ്റവും വലിയ തടസ്സം ജനാധിപത്യമാണെന്ന് വ്യവസായി രാകേഷ് ജുൻജുൻവാല. ഇന്ത്യയിലെ സഹസ്രകോടീശ്വരന്മാരിൽ ഒരാളാണ് ചാർട്ടേർഡ് അക്കൗണ്ടന്റായ ഇദ്ദേഹം. നാളെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ ബിജെപി 300ലേറെ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

ഫോർബ്സിന്റെ 2018 ലെ കണക്ക് പ്രകാരം 58കാരനായ രാകേഷ് ജുൻജുൻവാല, ഇന്ത്യയിലെ ധനികരിൽ 54ാം സ്ഥാനത്താണ്. "ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഏറ്റവും വലിയ തടസ്സം ജനാധിപത്യമാണ്. എന്നാൽ അത് ഒഴിച്ചുകൂടാനാവാത്തതാണ്. അതിനെ മറികടക്കാൻ നമുക്ക് സാധിക്കില്ല," സിഎൻഎൻ ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഉദ്യോഗസ്ഥ വൃന്ദം വളർച്ചയ്ക്ക് തടസമാണെങ്കിലും സാങ്കേതിക വിദ്യയിലൂടെ ഈ തടസ്സം മറികടക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിൽ 250 സീറ്റുകളും സഖ്യകക്ഷികൾക്ക് 50ഓളം സീറ്റുകളും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എൻഡിഎ 300 ലേറെ സീറ്റുകളോട് അധികാരം നിലനിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

എൻഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ഓഹരിക്കമ്പോളത്തിൽ അത് വലിയ ചലനം ഉണ്ടാക്കില്ലെന്ന് പറഞ്ഞ അദ്ദേഹം, എൻഡിഎയും ബിജെപിയും അധികാരത്തിൽ വരാതിരിക്കുന്ന സാഹചര്യമാണെങ്കിൽ ഓഹരിക്കമ്പോളത്തിൽ വലിയ ഇടിവുണ്ടാകുമെന്നും പറഞ്ഞു. മോദി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യത്ത് കങ്കാണി മുതലാളിത്തം അവസാനിക്കുമെന്നും ഭരണമികവിലൂടെ വളർച്ച നേടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Follow Us:
Download App:
  • android
  • ios