മൈസുരു: നോട്ട് നിരോധനത്തിലൂടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകർന്നെന്ന് രാഹുൽ ഗാന്ധി. മൈസുരുവിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യായ് പദ്ധതിയിലൂടെയാവും കോൺഗ്രസ് ഇതിനെ പുനരുജ്ജീവിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്റെ ഏറ്റവും വലിയ കാപട്യമായിരുന്നു നോട്ട് നിരോധനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നോട്ട് നിരോധനത്തിലൂടെ വ്യവസായിക ശാലകൾ അടച്ചു. തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടു. ന്യായ് പദ്ധതി നിങ്ങളുടെ കൈയ്യിൽ പണം എത്തിക്കും. പണം കൈയ്യിൽ കിട്ടിയാൽ നിങ്ങൾ സാധനങ്ങൾ വാങ്ങും. ഉൽപ്പാദനം ഉയരും, ആളുകൾക്ക് ജോലി കിട്ടും, സമ്പദ് വ്യവസ്ഥ ശക്തിപ്പെടും. ലക്ഷക്കണക്കിന് യുവാക്കൾക്ക് ജോലി ലഭിക്കും," രാഹുൽ ഗാന്ധി പറഞ്ഞു.

സർക്കാർ തലത്തിലുള്ള 22 ലക്ഷം ഒഴിവുകൾ നികത്തുമെന്ന് അദ്ദേഹം പറഞ്ഞു. ജയിച്ചാൽ ഞങ്ങൾ ജിഎസ്‌ടിയിൽ മാറ്റം വരുത്തും. പിന്നെ ഒറ്റ നികുതിയേ ഉണ്ടാകൂ. പല സ്ലാബുകൾ ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മോദി എപ്പോഴും കള്ളങ്ങളാണ് പറയുന്നതെന്ന് പറഞ്ഞ അദ്ദേഹം, പ്രധാനമന്ത്രി 100 ശതമാനം കള്ളനാണെന്നും പറഞ്ഞു.