അഞ്ചാംഘട്ടത്തോടെ 424 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയായി. ഇനി 118 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ്. രണ്ട് ഘട്ടങ്ങളിലായി മെയ് 12-നും, 19-നും പോളിംഗ് നടക്കും. ഫലം മെയ് 23-ന് അറിയാം.

ദില്ലി: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ പോളിംഗ് ബൂത്തിന് നേരെ ഗ്രനേഡ് ആക്രമണം, പശ്ചിമബംഗാളിൽ വ്യാപക അക്രമം, ഉത്തർപ്രദേശിലുൾപ്പടെ പലയിടങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ ക്രമക്കേട്. ഇതൊക്കെയായിരുന്നു അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിലെ പ്രധാനസംഭവവികാസങ്ങൾ. എങ്കിലും അഞ്ചാംഘട്ട തെരഞ്ഞെടുപ്പിൽ ഏഴ് സംസ്ഥാനങ്ങളിലായി 62.56 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 

റായ്ബറേലിയിൽ നിന്ന് സോണിയാഗാന്ധി, അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധി, എതിരിടാൻ സ്മൃതി ഇറാനി, ലഖ്നൗവിൽ നിന്ന് രാജ്‍നാഥ് സിംഗ് എന്നിവരാണ് ഇന്ന് ജനവിധി തേടിയ പ്രമുഖർ. ഉത്തർപ്രദേശിൽ 14, രാജസ്ഥാനിൽ 12, പശ്ചിമബംഗാളിൽ 7, മധ്യപ്രദേശിലും 7, ബിഹാറിൽ 5, ജാർഖണ്ഡിൽ 4, ജമ്മു കശ്മീരിൽ 2 - എന്നിങ്ങനെ ആകെ 51 സീറ്റുകളിലേക്കാണ് പോളിംഗ് നടന്നത്. ഇതോടെ 424 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയായി.

ജമ്മുകശ്മീരിൽ വ്യാപക അക്രമത്തോടെയാണ് പോളിംഗ് തുടങ്ങിയത്. പുൽവാമയിലെ ഒരു പോളിംഗ് സ്റ്റേഷന് നേരെ ഒരു സംഘം തീവ്രവാദികൾ ഗ്രനേഡെറിഞ്ഞു. പുൽവാമയിലെ രോഹ്‍മൂ പോളിംഗ് സ്റ്റേഷനിലായിരുന്നു ആക്രമണം. ആർക്കും പരിക്കേറ്റില്ലെങ്കിലും ഏറെ നേരത്തേക്ക് ഇവിടെ പോളിംഗ് തടസ്സപ്പെട്ടു. പോളിംഗ് ശതമാനവും കുത്തനെ കുറവായിരുന്നു. 

അനന്ത് നാഗ് ലോക്സഭാ മണ്ഡലത്തിലെ പുൽവാമ, ഷോപ്പിയാൻ ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. സുരക്ഷാഭീഷണി കണക്കിലെടുത്ത് ഇതേ മണ്ഡലത്തിലെ അനന്ത് നാഗ്, കുൽഗാം ജില്ലകളിലേക്കുള്ള തെരഞ്ഞെടുപ്പ് വെറെ ഘട്ടമായി നടത്തുകയായിരുന്നു. ജെകെപിഡിപി പ്രസിഡന്‍റും മുൻ മുഖ്യമന്ത്രിയുമായ മെഹ്‍ബൂബ മുഫ്തി അടക്കം 18 പേരാണ് ഇവിടെ നിന്ന് മത്സരിക്കുന്നത്. 

പശ്ചിമബംഗാളിലാകട്ടെ, ബാരക് പൂരിൽ ബിജെപി സ്ഥാനാർത്ഥിയായ അർജുൻ സിംഗും കേന്ദ്രസേനയും തമ്മിലായിരുന്നു സംഘർഷം. ഇവിടെ ഒരു ബൂത്തിലേക്ക് തൃണമൂൽ കോൺഗ്രസിന്‍റെ മുൻ എംഎൽഎ കയറിച്ചെന്ന് വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്നും വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്നും ആരോപിച്ച് ബിജെപി സ്ഥാനാ‍ർത്ഥി പ്രതിഷേധിച്ചു. 

തുടർന്ന് നായ്‍ഹട്ടി പ്രദേശത്ത് വച്ച് അർജുൻ സിംഗ് 'കള്ളവോട്ടർ'മാരെ പിന്തുടർന്ന് ഓടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ''തൃണമൂൽ എംഎൽഎയെ അകത്ത് കയറാൻ അനുവദിച്ചെങ്കിൽ ‍ഞങ്ങളെയും കയറാൻ അനുവദിക്കണം. പരിശോധിക്കാൻ കയറിയ എന്നെ കേന്ദ്രസേന തടഞ്ഞു. ഇത് ജനാധിപത്യ വിരുദ്ധമാണ്'', അർജുൻ സിംഗ് ആരോപിച്ചു. 

സമാനമായ സംഘർഷാവസ്ഥയായിരുന്നു ഹൗറയിലും. തൃണമൂൽ എംപി പ്രസൂൺ ബാനർജിയും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കവും ഉന്തും തള്ളുമുണ്ടായി. 

Scroll to load tweet…

ഇതിനിടെ, അമേഠിയിൽ രാഹുൽ ഗാന്ധി ബൂത്ത് പിടിത്തത്തിന് നിർദേശം നൽകിയെന്ന് ആരോപിച്ച് എതിരാളി സ്മൃതി ഇറാനി രംഗത്തെത്തി. ഒരു ബിജെപി പ്രവർത്തകൻ പുറത്തുവിട്ട ദൃശ്യം റീട്വീറ്റ് ചെയ്താണ് സ്മൃതിയുടെ ആരോപണം. വൃദ്ധയായ ഒരു സ്ത്രീ താമരയ്ക്ക് വോട്ട് കുത്തണമെന്ന് പറഞ്ഞിട്ടും കൂടെ വന്നയാൾ കൈപ്പത്തിക്ക് വോട്ട് കുത്തിയെന്നാണ് സ്മൃതി ആരോപിക്കുന്നത്. എന്നാൽ ഇതിൽ ഒരു പരാതി എഴുതി നൽകാൻ സ്മൃതി ഇറാനി തയ്യാറായിട്ടില്ല. 

Scroll to load tweet…


ഉത്തർപ്രദേശിലടക്കം പലയിടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കിയത് പോളിംഗിനെ ബാധിച്ചു. മണിക്കൂറുകൾ വൈകിയാണ് പോളിംഗ് നടന്നത്. 

ഇനി 118 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ബാക്കിയുള്ളത്. രണ്ട് ഘട്ടങ്ങളിലായി മെയ് 12-നും, 19-നും പോളിംഗ് നടക്കും. ഫലം മെയ് 23-ന് അറിയാം.