മുംബൈ: ഭരണത്തുടര്‍ച്ചയുണ്ടായ മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദത്തില്‍ തുടരുമെന്ന് ദേവേന്ദ്ര ഫട്നാവിസ്. സീറ്റ് കുറഞ്ഞതില്‍ ആശങ്കയില്ലെന്ന് പറഞ്ഞ ദേവേന്ദ്ര ഫട്‍നാവിസ്  വിമതരായി മത്സരിച്ച് ജയിച്ചവരും ബിജെപിക്കൊപ്പം ചേരുമെന്നാണ് പറയുന്നത്. ബിജെപിയുടെ ജയത്തിന്‍റെ തിളക്കം കുറച്ചത് വിമതരായി മത്സരിച്ച് ജയിച്ചവരാണ്. മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാരും മുഖ്യമന്ത്രിയും വീണ്ടും അധികാരത്തില്‍ എത്തുന്നതെന്നും ദേവേന്ദ്ര ഫട്‍നാവിസ് പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി ശിവസേന രംഗത്തെത്തുമോയെന്നത് കണ്ടറിയണം.

ഭരണത്തുടർച്ച ഉണ്ടായെങ്കിലും ബിജെപി സഖ്യത്തിന്  പ്രതീക്ഷ വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. ശിവസേനയെ ആശ്രയിക്കാതെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനാണ് ചെറു കക്ഷികളെ താമര ചിഹ്നത്തിൽ മത്സരിപ്പിച്ചത്. എന്നാൽ 288 അംഗ നിയമസഭയിൽ കഴിഞ്ഞതവണത്തെ 122 സീറ്റ് നേട്ടത്തിന്‍റെ അടുത്തെത്താൻ പോലും ബിജെപിക്ക് ആയില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 20ലേറെ പ്രതിപക്ഷ എംഎൽഎമാരെ മറുകണ്ടം ചാടിച്ചും മുതി‍ർന്ന നേതാക്കൾക്ക് സീറ്റ്നൽകാതെയും മുഖ്യമന്ത്രി ഫട്‍നാവിസ് പയറ്റിയ തന്ത്രങ്ങൾ പാളി. സൗത്ത് വെസ്റ്റ് നാഗ്പൂരിൽ ജയിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. മുഖ്യമന്ത്രിയുടെ അടുപ്പക്കാരിൽ പലരും തോല്‍ക്കുകയും ചെയ്തു. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്‍ചവെച്ച ശിവസേന സര്‍ക്കാര്‍ രൂപീകരണത്തിന് 50:50 ഫോര്‍മുല വേണമെന്ന് വോട്ടെണ്ണി തീരുന്നതിന് മുമ്പ് തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. വരാന്‍ പോകുന്നത് ബിജെപി ശിവസേന സര്‍ക്കാരാണ്. അതില്‍ രണ്ട് അഭിപ്രായമില്ലെന്നാണ് ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞിരിക്കുന്നത്. ശരദ് പവാറിന്‍റെ എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചേക്കാമെന്ന ഊഹാപോഹങ്ങളെയും  ശിവസേന തള്ളി. 126 മണ്ഡലങ്ങളില്‍ മത്സരിച്ച ശിവസേന നിലവില്‍ 64 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുകയാണ്.