തനിക്കെതിരെ വരുന്ന ഉൾപ്പാർട്ടി ഒളിയമ്പുകളെപ്പോലും പൂമാലയാക്കിമാറ്റാനുള്ള ഫഡ്നാവിസിന്റെ കഴിവ് അപാരമാണ്. 

മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞ ഈ വേളയിൽ ആരുടെയെങ്കിലും മുഖത്ത് ഒരു പുഞ്ചിരി വിടരുന്നുണ്ടെങ്കിൽ അത് ദേവേന്ദ്ര ഫഡ്നാവിസിന്റേതാകും. കാരണം, തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആദ്യ എക്സിറ്റ് പോൾ ഫലങ്ങൾ വന്നപ്പോൾ തൊട്ട് എല്ലാവരും പറഞ്ഞുകൊണ്ടിരുന്നത് യാഥാർത്ഥ്യമായതിന്റെ നിർവൃതി ആ മുഖത്ത് തെളിഞ്ഞുകാണാം. ബിജെപിയുടെ തൂത്തുവാരൽ, ഒരു ലാൻഡ് സ്ലൈഡ് വിക്ടറി, എല്ലാ കേന്ദ്രങ്ങളിൽ നിന്നുമുണ്ടായ ഒരേ പ്രവചനം സത്യമായിരിക്കുകയാണ്. ഇനി അടുത്ത അഞ്ചുവർഷത്തേക്ക് മറാഠാ പൊളിറ്റിക്‌സിൽ ഒരു പേരേ ഉള്ളൂ - ദേവേന്ദ്ര ഗംഗാധർറാവു ഫഡ്‌നാവിസ്. ഇപ്പോഴത്തെ ട്രെൻഡുകൾക്കനുസരിച്ച് ചുരുങ്ങിയത് 175 സീറ്റുകളെങ്കിലും ബിജെപി-ശിവസേനാ സഖ്യം പിടിക്കും.

മഹാരാഷ്ട്രയിലെ മോദി 

ദേവേന്ദ്ര ഫഡ്‌നാവിസ് എന്ന മഹാരാഷ്ട്രാ ബിജെപി നേതാവിന്റെ രാഷ്ട്രീയപ്രയാണം കേന്ദ്രത്തിൽ നരേന്ദ്രമോദിയുടേതിനോടാണ് ഉപമിക്കപ്പെടുന്നത്. 2014-ലെ തെരഞ്ഞെടുപ്പിൽ മോദി ഭരണത്തിലേറിയപ്പോൾ ജനങ്ങൾക്കിടയിലുണ്ടായിരുന്ന സ്വാധീനം അഞ്ചു വർഷം കഴിഞ്ഞപ്പോൾ പലമടങ്ങായി വർധിച്ചു. 2014-ലെ നിയമസഭാതെരഞ്ഞെടുപ്പിൽ 122 സീറ്റുകൾ നേടി ബിജെപി മന്ത്രിസഭ രൂപീകരിച്ചപ്പോൾ, മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ദേവേന്ദ്ര ഫഡ്‌നാവിസ് എന്ന നേതാവിന്റെ പേര് മഹാരാഷ്ട്രയിൽ അധികമാർക്കും അറിയില്ലായിരുന്നു എങ്കിൽ, ഇന്ന് അടുത്ത മഹാരാഷ്ട്രാ മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് ഒരേയൊരുത്തരം മാത്രമേ മഹാരാഷ്ട്രയിൽ നിന്ന് ഉയർന്നുവരുന്നുള്ളൂ, അത് ബിജെപി എന്ന പാർട്ടിക്ക് മറാഠാ പൊളിറ്റിക്‌സിൽ ഒരു മേൽവിലാസമുണ്ടാക്കിക്കൊടുത്ത ഫഡ്നാവിസിന്റേത് തന്നെയാണ്.

1963 തൊട്ട് ഒരു വ്യാഴവട്ടക്കാലം മുഖ്യമന്ത്രിക്കസേരയിലിരുന്ന വസന്ത്റാവു നായിക്കിനുശേഷം, കഴിഞ്ഞ നാൽപതു വർഷക്കാലത്തെ മഹാരാഷ്ട്രാ രാഷ്ട്രീയ ചരിത്രത്തിൽ അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് ദേവേന്ദ്ര ഫഡ്‌നാവിസ്. സംസ്ഥാനത്തെ മറ്റു സീനിയർ നേതാക്കളെ എല്ലാം തഴഞ്ഞുകൊണ്ട് 2014-ൽ മോദി-ഷാ ടീം നാല്പത്തൊമ്പതുകാരനായ ഫഡ്നാവിസിനെ മുഖ്യമന്ത്രിയാകാൻ ക്ഷണിച്ചതോടെയാണ് ഈ പേര് രാഷ്ട്രീയത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് എത്തിച്ചേരുന്നത്. " മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംസ്കാരം തന്നെ മാറ്റിമറിച്ച നേതാവ്" എന്നാണ് മഹാരാഷ്ട്രയിലെ സീനിയർ ബിജെപി നേതാവായ ജെ പി നഡ്ഡ ഫഡ്നാവിസിനെപ്പറ്റി പറഞ്ഞത്.



എന്നാൽ, ദേവേന്ദ്ര ഫഡ്നാവിസിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ അഞ്ചു വർഷക്കാലം കനലാട്ടം തന്നെയായിരുന്നു. തെരഞ്ഞെടുപ്പിൽ സീറ്റുവിഭജനതർക്കം രമ്യമായി പരിഹരിക്കപ്പെടാതിരുന്നതിനാൽ, സഖ്യമുണ്ടാക്കാതെ തങ്ങൾക്കെതിരെ മത്സരിച്ച ശിവസേന എന്ന പാർട്ടിയുമായിത്തന്നെ, തെരഞ്ഞെടുപ്പിന് ശേഷം ഒരു ന്യൂനപക്ഷസർക്കാർ ഉണ്ടാക്കേണ്ടി വന്നു ബിജെപിക്ക്. അത്തരത്തിൽ ഒരു അഡ്ജസ്റ്റ്‌മെന്റ് സർക്കാരിന്റെ തലപ്പത്തിരിക്കുക എന്നുപറഞ്ഞാൽ അതത്ര സുഖദമായ അനുഭവമാകില്ലല്ലോ. ശിവസേന ഒരേ സമയം മിത്രവും ശത്രുവുമായിരുന്നു ബിജെപിക്ക്. നിയമസഭയ്ക്കുള്ളിൽ കോൺഗ്രസിന്റെയും, എന്സിപിയുടേയുമൊക്കെ സാന്നിധ്യമുണ്ടായിരുന്നു എങ്കിലും, പല വിഷയങ്ങളിലും യഥാർത്ഥ പ്രതിപക്ഷം സർക്കാറിൽ സഖ്യകക്ഷിയായ ശിവസേന തന്നയായിരുന്നു. പ്രാദേശികപൊളിറ്റിക്സിലെ തങ്ങളുടെ ചരടുവലികൾക്കായി പലപ്പോഴും സേന പൊതുജനമധ്യത്തിൽ പ്രതിക്കൂട്ടിൽ നിർത്തിയിരുന്നതും നിശിതമായി വിമർശിച്ചിരുന്നതും ബിജെപിയെ ആയിരുന്നു.

അഞ്ചേ അഞ്ചു വർഷം കൊണ്ട് ഫഡ്‌നാവിസ് കളിയിലെ സമവാക്യങ്ങൾ മാറ്റിമറിച്ചു. അസാധ്യമായത് സാധ്യമാക്കി. ഈ തെരഞ്ഞെടുപ്പിനെ നേരിടാൻ ഗോദയിലിറങ്ങുമ്പോഴേക്കും ദേശീയ രാഷ്ട്രീയത്തിലെ ട്രെൻഡിനൊപ്പിച്ച് മഹാരാഷ്ട്രയിലെ മൂഡും മാറിക്കഴിഞ്ഞിരുന്നു. ഈ തെരഞ്ഞെടുപ്പിൽ വേണമെങ്കിൽ ശിവസേന കൂടെയില്ലാതെയും ബിജെപിക്ക് ഒറ്റയ്ക്ക് എല്ലാം പിടിച്ചടക്കാൻ സാധിക്കുമായിരുന്നു. എന്നാൽ, ശിവസേന എന്ന പാർട്ടിയുടെ ശക്തിദൗർബല്യങ്ങളെപ്പറ്റി നല്ല ധാരണയുള്ള ഫഡ്‌നാവിസ്, ഒരിക്കലും സേന പ്രതിപക്ഷത്തിരിക്കുന്നത് കാണാൻ താത്പര്യപ്പെട്ടില്ല. ഒരു അതുകൊണ്ടുതന്നെ ചെറിയ ചില വിട്ടുവീഴ്ചകൾക്കൊക്കെ തയ്യാറായി ശിവസേനയെ കൂടെത്തന്നെ നിർത്തി. അതുകൊണ്ടുതന്നെ മഹാരാഷ്ട്രയിലെ ഈ തൂത്തുവാരൽ ഏറെക്കുറെ എളുപ്പം ആർക്കും പ്രവചിക്കാവുന്ന ഒന്നുതന്നെയായിരുന്നു.



ഈ തെരഞ്ഞെടുപ്പിലും മനഃപൂർവം തന്നെ ദേശീയതയും, ദേശസുരക്ഷയും ഹിന്ദുത്വവുമൊക്കെത്തന്നെ മുഖ്യ തെരഞ്ഞെടുപ്പ് ചർച്ചാ വിഷയങ്ങളാക്കിയ ഫഡ്‌നാവിസ്, സൂത്രത്തിൽ കർഷക ആത്മഹത്യകളും, ബാങ്കിങ് മേഖലയിലെ തകർച്ചയും അടക്കമുള്ള ഗൗരവതരമായ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തൽക്കാലത്തേക്കെങ്കിലും അകറ്റി. സ്ഥാനാർത്ഥിനിർണ്ണയത്തിൽ ഇത്തവണ മുഖ്യമന്ത്രിക്ക് തികഞ്ഞ സ്വാതന്ത്ര്യം കേന്ദ്രത്തിൽ നിന്ന് കിട്ടി. മിക്കവാറും എല്ലാ ബിജെപി സ്ഥാനാർഥികളെയും ഫഡ്നാവിസ്‌ നേരിട്ട് ബോധിച്ച് തെരഞ്ഞെടുത്തതാണ്. അതിനിടെ സംസ്ഥാനത്തിനകത്ത് പാർട്ടിയിൽ നിന്ന് മുഖ്യമന്ത്രിക്കെതിരെ ഉയർന്ന വിമതസ്വരങ്ങളെയെല്ലാം തന്നെ അടിച്ചമർത്തിക്കൊണ്ട്, തനിക്ക് തീർത്തും വിശ്വസ്തർ എന്ന് തോന്നിയവരെ മാത്രമാണ് ഫഡ്‌നാവിസ് മത്സരിപ്പിച്ചത്. അതുകൊണ്ടുതന്നെ, വളരെ സുഗമമായിരിക്കും ഫഡ്നാവിസിന്റെ ഇനിയങ്ങോട്ടുള്ള പ്രയാണവും എന്നുവേണം കരുതാൻ. പ്രതിപക്ഷത്തു നിൽക്കുന്ന കോൺഗ്രസും എൻസിപിയും തമ്മിൽ ഏകദേശ ധാരണയുണ്ടായി എങ്കിലും, തെരഞ്ഞെടുപ്പ് സഖ്യങ്ങളൊന്നും സാധ്യമായിരുന്നില്ല എന്നതും ബിജെപിയ്ക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി.

1970-ൽ നാഗ്പൂരിലെ രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു പ്രസിദ്ധകുടുംബത്തിലാണ് ദേവേന്ദ്ര ഫഡ്നാവിസിന്റെ ജനനം. അച്ഛൻ ഗംഗാധർ ഫഡ്‌നാവിസ് നിയമസഭാംഗമായിരുന്നു. അമ്മ സരിത ഫഡ്നാവിസ് വിദർഭ ഹൗസിംഗ് ക്രെഡിറ്റ് സൊസൈറ്റിയുടെ മുൻ ഡയറക്ടറും. ഇന്ദിരാ കോൺവെന്റിലെയും സരസ്വതി വിദ്യാലയത്തിലെയും പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം നാഗ്പൂർ ലോ കോളേജിൽ നിന്ന് നിയമബിരുദം നേടുന്നു ഫഡ്‌നാവിസ്. 1992-ൽ ബിരുദപഠനം പൂർത്തിയാക്കിയ ശേഷം ബെർലിനിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ ഡിപ്ലോമയും നേടുന്നുണ്ട് അദ്ദേഹം.



തൊണ്ണൂറുകളുടെ മധ്യത്തിലായിരുന്നു രാഷ്ട്രീയ പ്രവേശം. കോളേജിൽ പഠിക്കുന്ന കാലത്തു തന്നെ എബിവിപിയിൽ സജീവമായിരുന്ന ഫഡ്‌നാവിസ് ആദ്യം പയറ്റിയത് ഒരു മുനിസിപ്പൽ തെരഞ്ഞെടുപ്പിലായിരുന്നു. റാം നഗർ വാർഡിൽ നിന്ന് തെരഞ്ഞെടുപ്പിൽ ജയിച്ചുകേറുന്നു. അഞ്ചു വർഷത്തിനുള്ളിൽ, തന്റെ ഇരുപത്തേഴാമത്തെ വയസ്സിൽ, നാഗ്പൂർ കോർപറേഷന്റെ ഏറ്റവും ചെറുപ്പക്കാരനായ മേയറാകുന്നു ഫഡ്‌നാവിസ്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മേയർ. 1999 മുതൽ നിയമസഭയിൽ നാഗ്പൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചുപോരുന്ന ഫഡ്നാവിസിന്റെ അഞ്ചാമത്തെ ഊഴമാണ് ഇത്തവണ. 2014-ൽ മുഖ്യമന്ത്രിയായ അദ്ദേഹം ഒരു അവിശ്വാസപ്രമേയത്തെ അതിജീവിച്ചിട്ടുണ്ട്.

ഫഡ്‌നാവിസ് അവനവനെത്തന്നെ വിളിക്കുന്നത് ചീഫ് പൊളിറ്റിക്കൽ ഓഫീസർ എന്നാണ്. 'രാഷ്ട്രീയം എനിക്ക് ജനങ്ങളുടെ സാമൂഹികഉന്നമനത്തിനുള്ള ഉപകരണം മാത്രമാണ്..." എന്നാണ് അദ്ദേഹത്തിന്റെ വെബ്‌സൈറ്റിൽ കുറിച്ചുവെച്ചിട്ടുള്ളത്. ഒരു സാമ്പത്തികകാര്യവിദഗ്ധൻ കൂടിയാണ് ഫഡ്‌നാവിസ്. വർഷാവർഷം നാഗ്പൂരിൽ അദ്ദേഹം നടത്തുന്ന ബജറ്റ് വിശകലനപ്രഭാഷണം ജനങ്ങൾ കാത്തിരിക്കുന്ന ഒന്നാണെന്നും അദ്ദേഹത്തിന്റെ വെബ്‍സൈറ്റിൽ പറയുന്നു.

ഇത്തവണ പ്രചാരണത്തിനിടെ നടത്തിയ പ്രസംഗങ്ങളിൽ ഫഡ്‌നാവിസ് ഊന്നൽ നൽകിയത് തന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തിനിടെ നടപ്പിലാക്കിയ പ്രോജക്ടുകളുടെ ഫലസിദ്ധിയെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കാനാണ്. അതിനു മുമ്പ് ഭരിച്ചിരുന്ന കോൺഗ്രസ്-എൻസിപി സർക്കാർ ഇതേ പ്രോജക്ടുകളിൽ കാണിച്ച അലംഭാവവും, അത് കർമ്മകുശലതയോടെ നടപ്പിലാക്കാൻ താൻ കാണിച്ച ഉത്സാഹവും നിസ്സന്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞതാണ് വോട്ടുകളാണ് പരിവർത്തനം ചെയ്യപ്പെട്ടതെന്നു കരുതാം.

തനിക്കെതിരെ വരുന്ന ഉൾപ്പാർട്ടി ഒളിയമ്പുകളെപ്പോലും പൂമാലയാക്കിമാറ്റാനുള്ള ഫഡ്നാവിസിന്റെ കഴിവ് അപാരമാണ്. ഉദാഹരണത്തിന്, പ്രചാരണങ്ങൾക്കിടെ ഒരു റിപ്പോർട്ടർ ഫഡ്നാവിസിനോട് മഹാരാഷ്ട്ര ബിജെപി പ്രസിഡണ്ടായ ചന്ദ്രകാന്ത് ദാദാ പാട്ടീലിന്റെ ഒരു പരാമർശത്തെപ്പറ്റി പ്രതികരിക്കുമോ എന്ന് ചോദിച്ചു. " ആര് മുഖ്യമന്ത്രിയാവണം എന്നതൊക്കെ പാർട്ടി നിശ്ചയിക്കും. ഞാൻ ആകണം എന്ന് പാർട്ടി തീരുമാനിച്ചാൽ ഞാൻ പോലും ആകാം" എന്നായിരുന്നു പാട്ടീലിന്റെ വിവാദ പ്രസ്താവന. " അത് തീരുമാനിക്കുന്നത് എംഎൽഎമാരും ബിജെപിയുടെ കേന്ദ്ര നേതൃത്വവും ചേർന്നാണ്. തല്ക്കാലം എന്തായാലും ഞാനാണ് ഇവിടെ മുഖ്യമന്ത്രി. പാട്ടീൽ സാബിന് ഇപ്പോൾ കേന്ദ്രനേതൃത്വം പ്രസിഡണ്ടുപദം കൊടുത്തതല്ലേയുള്ളൂ. അദ്ദേഹം അവിടെ ഒന്ന് ഇരിപ്പുറപ്പിച്ചോട്ടെ. നിങ്ങളുടെയൊക്കെ അനുഗ്രഹത്തോടെ ഞാൻ തന്നെ മുഖ്യമന്ത്രിയാകും എന്ന് കരുതാം." എന്നാണ് അതിനോട് ഫഡ്‌നാവിസ് പ്രതികരിച്ചത്.



കഴിഞ്ഞ തവണത്തെപ്പോലെ ശാഠ്യംപിടിച്ചാൽ ഒന്നും കിട്ടില്ലെന്ന് ശിവസേനയെ പറഞ്ഞുബോധ്യപ്പെടുത്തി ഇത്തവണ തെരഞ്ഞെടുപ്പ് സഖ്യത്തിലെത്തിച്ചത് ഫഡ്‌നാവിസാണ്. സംവരണത്തിന്റെ പേരിൽ മറാഠാപ്രക്ഷോഭം ഉണ്ടായപ്പോൾ സമവായത്തിലൂടെ അവർക്ക് അത് നേടിക്കൊടുത്തത് മഹാരാഷ്ട്രയിൽ ബിജെപിയുടെ വോട്ടുബാങ്ക് വർധിപ്പിച്ചു. അതുപോലെ കർഷകരുടെ സമരത്തെയും ആളിപ്പടരാതെ കൈകാര്യം ചെയ്യുന്നതിൽ ഫഡ്‌നാവിസ് വിജയിച്ചു. അന്ന് വിശ്വസ്തനായ അനുയായി ഗിരീഷ് മഹാജനെ പറഞ്ഞയച്ച് ആ പ്രക്ഷോഭം ഒത്തുതീർപ്പാക്കിയത് രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ യശസ്സുയർത്തി. ഈ തെരഞ്ഞെടുപ്പ് ജയത്തോടെ വാനോളമുയർന്നുനിൽക്കുന പ്രതീക്ഷകൾക്കൊത്ത് പ്രവർത്തിക്കുക എന്ന ഒരു വെല്ലുവിളി മാത്രമാണ് ഇന്ന് ദേവേന്ദ്ര ഫഡ്നാവിസിന് മുന്നിലുള്ളത്.