നിയമം അനുവദിക്കുന്ന തുകകയായ 70 ലക്ഷം രൂപയേ പ്രചാരണത്തിന് പരമാവധി ഉപയോഗിക്കൂ. കവല പ്രസംഗങ്ങളും അധികമുണ്ടാകില്ല. പ്രധാന കേന്ദ്രങ്ങളിൽ പോയി സ്ഥാനാർഥിയെ പരിചയപ്പെടുത്തുമെന്നും ട്വന്‍റി 20 ചെയർമാൻ സാബു ജേക്കബ് 

കിഴക്കമ്പലം: ചാലക്കുടിയിൽ സ്വതന്ത്രനായി മൽസരത്തിനിറങ്ങുന്ന ഡിജിപി ജേക്കബ് തോമസ് നാടിളക്കിയുളള പ്രചാരണത്തിനില്ല. ഡിജിറ്റൽ മീഡിയ വഴിയാകും പ്രചാരണമെന്ന്, കിഴക്കന്പലത്തെ ജനകീയ കൂട്ടായ്മ ട്വന്‍റി 20 അറിയിച്ചു. ഇതിനിടെ സ്വയം വിരമിക്കലിലുള്ള അപേക്ഷ, ജേക്കബ് തോമസ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നൽകി.

നിലവിലെ മുന്നണി രാഷ്ട്രീയത്തോടും അഴിമതി ഭരണത്തോടുമുളള വിയോജിപ്പ് എന്ന നിലയിലാണ് ട്വന്‍റി ട്വന്‍റി ജേക്കബ് തോമസിനെ ചാലക്കുടിയിൽ മൽസരിത്തിനിറക്കുന്നത്. നിക്ഷ്പക്ഷമതികളായ വോട്ടർമാരുടെ പിന്തുണയാണ് ട്വന്‍റി 20 തേടുന്നത്. ഒപ്പം അഴിമതിക്കെതിരെ ശബ്ദമുയർത്താൻ വെന്പുന്ന യുവജനങ്ങളേയും ഒപ്പം പ്രതീക്ഷിക്കുന്നുവെന്ന് ട്വന്‍റി 20 വിശദമാക്കി.

മുന്നണി സ്ഥാനാ‍ർഥികളെപ്പോലെ നാടിളക്കിയുളള പ്രചാരണത്തിന് ട്വന്‍റി ട്വന്‍റി ഇല്ല. നിയമം അനുവദിക്കുന്ന തുകകയായ 70 ലക്ഷം രൂപയേ പ്രചാരണത്തിന് പരമാവധി ഉപയോഗിക്കൂ. കവല പ്രസംഗങ്ങളും അധികമുണ്ടാകില്ല. പ്രധാന കേന്ദ്രങ്ങളിൽ പോയി സ്ഥാനാർഥിയെ പരിചയപ്പെടുത്തുമെന്നും ട്വന്‍റി 20 ചെയർമാൻ സാബു ജേക്കബ് വ്യക്തമാക്കി.

എന്നാൽ ജേക്കബ് തോമസിന്‍റെ സ്വയം വിരമിക്കൽ നടപടികൾ പൂർത്തിയായശേഷമേ പ്രചാരണം തുടങ്ങൂ. അതിന് കാലതാമസമുണ്ടായാൽ സ്ഥാനാർഥിയായി മറ്റാരെയും ട്വന്‍റി ട്വന്‍റി പരിഗണിക്കുന്നുമില്ല.