'വഴികാട്ടിയായി അങ്ങുള്ളപ്പോള്‍ വിജയം സുനിശ്ചിതമാണ് സഖാവേ. സഖാവ് പാലോളിക്കൊപ്പം' എന്ന കുറിപ്പോടെയായിരുന്നു അന്‍വറിന്‍റെ പോസ്റ്റ്. ഇതാണ് സർക്കാര്‍ പദവി വഹിക്കുന്ന അഡ്വ. മഞ്ചേരി ശ്രീധരന്‍ നായര്‍ തന്‍റെ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തത്
പൊന്നാനി: പൊന്നാനിയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി പി വി അന്‍വറിന്‍റെ വോട്ടഭ്യര്‍ത്ഥന, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തത് വിവാദമാവുന്നു. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് നിയമ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടിയുമായി കുശലം പറയുന്ന ചിത്രമാണ് പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ ഫേയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 'വഴികാട്ടിയായി അങ്ങുള്ളപ്പോള്‍ വിജയം സുനിശ്ചിതമാണ് സഖാവേ. സഖാവ് പാലോളിക്കൊപ്പം' എന്ന കുറിപ്പോടെയായിരുന്നു അന്‍വറിന്‍റെ പോസ്റ്റ്.
ഇതാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എന്ന സർക്കാര്‍ പദവി വഹിക്കുന്ന അഡ്വ. മഞ്ചേരി ശ്രീധരന്‍ നായര്‍ തന്‍റെ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചോദിക്കുന്നതിന് തുല്യമാണ് ഈ ഷെയറെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അതിനാല്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനമാവും.
എന്നാല്‍, തന്‍റെ ഗുരുനാഥന്‍ കൂടിയായ പാലോളി മുഹമ്മദ് കുട്ടിയുടെ ചിത്രം കണ്ടപ്പോള്‍ ഷെയര്‍ ചെയ്യുക മാത്രമായിരുന്നുവെന്നാണ് മഞ്ചേരി ശ്രീധരന്‍ നായർ പറയുന്നത്. പി വി അന്‍വറിന് വേണ്ടിയുള്ള ഒരു പോസ്റ്റല്ല ഇതെന്നും ശ്രീധരന്‍ നായര്‍ വിശദീകരിക്കുന്നു.
