സ്ഥാനാർത്ഥി പട്ടികയിലേക്ക് പരിഗണിക്കുന്ന ചില പേരുകളിൽ മുതിർന്ന നേതാക്കൾക്ക് ആശങ്കയുണ്ട്. എല്ലാ കാലത്തും ഇത്തരം അഭിപ്രായ വ്യത്യാസങ്ങൾ കോൺഗ്രസിൽ ഉണ്ടായിട്ടുണ്ട്. അതാണ് കോൺഗ്രസിന്‍റെ സൗന്ദര്യമെന്നും മുല്ലപ്പള്ളി.

ദില്ലി: കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കടുത്ത അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെ സ്ഥാനാർത്ഥി പട്ടികയുടെ കാര്യത്തിൽ നേതാക്കൾക്കിടയിൽ ആശങ്കയുണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പട്ടികയിലേക്ക് പരിഗണിക്കുന്ന ചില പേരുകളിൽ മുതിർന്ന നേതാക്കൾക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും ഇന്ന് കേരളത്തിലേക്ക് മടങ്ങാനിരുന്നതാണെങ്കിലും ഗ്രൂപ്പ് പോരിൽ തട്ടി സ്ഥാനാർത്ഥി നിർണ്ണയം വൈകുന്നതോടെ യാത്ര നീട്ടിവച്ചു.

ഇനിയും സ്ഥാനാർത്ഥികളെ നിശ്ചയിച്ചിട്ടില്ലാത്ത വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങൽ എന്നീ നാല് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകും എന്നായിരുന്നു ഇന്നലെ കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നത്. എന്നാൽ തർക്കത്തിലുടക്കി സ്ഥാനാർത്ഥി പ്രഖ്യാപനം പിന്നെയും നീളുകയാണ്. നാളെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് ഇപ്പോൾ നേതാക്കൾ അറിയിച്ചിരിക്കുന്നത്. ടി സിദ്ദിഖിന് വയനാടിന് പകരം ആലപ്പുഴ നൽകാമെന്ന ഐ ഗ്രൂപ്പ് ഫോർമുല എ ഗ്രൂപ്പ് തള്ളിക്കളഞ്ഞതോടെ പ്രതിസന്ധി മുറുകി. ഇതിനിടെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ആറ്റിങ്ങൽ സീറ്റ് അടൂർ പ്രകാശിന് നൽകാമെന്ന് ധാരണയായിട്ടുണ്ട്.

ശേഷിക്കുന്ന മൂന്ന് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിനായുള്ള ചർച്ചകളിൽ പങ്കെടുക്കാൻ ഉമ്മൻ ചാണ്ടി ദില്ലിയിലേക്ക് വരണമെന്നാണ് ആഗ്രഹമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അദ്ദേഹത്തെ ദില്ലിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എല്ലാ കാലത്തും ഇത്തരം അഭിപ്രായ വ്യത്യാസം കോൺഗ്രസിൽ ഉണ്ടായിട്ടുണ്ട്. അതാണ് കോൺഗ്രസിന്‍റെ സൗന്ദര്യമെന്നും കൂട്ടായ ചർച്ചയിലൂടെ ഇപ്പോഴുള്ള തർക്കങ്ങൾ പരിഹരിക്കുമെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു.

കെവി തോമസിന് എറണാകുളം സീറ്റ് നൽകാതിരുന്നത് അടുത്തദിവസങ്ങളിലെ സാഹചര്യം കാരണമാണെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. കെ വി തോമസിന് സീറ്റ് നല്‍കുമെന്ന് താൻ പറഞ്ഞിരുന്നതാണ്. തോമസ് മത്സരിച്ചാലും ജയിക്കുമായിരുന്നു. പക്ഷേ കുറച്ച് കഷ്ടപ്പെടേണ്ടിവരും. ആ സാഹചര്യം പരിഗണിച്ച് യുവാവായ ഒരു സ്ഥാനാർത്ഥിയെ പരിഗണിക്കുകയായിരുന്നുവെന്നും കെ വി തോമസിനോട് അനാദരവ് കാണിച്ചിട്ടില്ലെന്നും മുല്ലപള്ളി പറഞ്ഞു.

ഒരു സാഹചര്യത്തിലും വടകരയിൽ മത്സരിക്കാൻ ഇല്ലെന്ന് മുല്ലപ്പള്ളി ആവർത്തിച്ചു. എഐസിസിയിൽ നിന്ന് മത്സരിക്കാൻ സമ്മർദ്ദം ഉണ്ടായിട്ടുണ്ട്. പക്ഷേ മത്സരിക്കാനില്ലെന്ന് അറിയിച്ചപ്പോൾ തെരഞ്ഞെടുപ്പ് സമിതി തന്‍റെ നിലപാട് അംഗീകരിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു.