തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രചാരണ തിരക്കുകൾ ഉണ്ടെന്നും, കൂടിക്കാഴ്ച നടക്കില്ലെന്നും സ്റ്റാലിൻ കെസിആറിനെ അറിയിച്ചതായാണ് സൂചന.

ചെന്നൈ തെലങ്കാന മുഖ്യമന്ത്രിയും ടിആർഎസ് നേതാവുമായ കെ ചന്ദ്രശേഖരറാവുവും ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനും തമ്മിലുള്ള കൂടിക്കാഴ്ച നടന്നേക്കില്ല. ഫെഡറൽ മുന്നണി നീക്കത്തിന്‍റെ ഭാഗമായാണ് ചന്ദ്രശേഖരറാവു സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നത്.

ഈ മാസം 13നാണ് സ്റ്റാലിനുമായി കൂടിക്കാഴ്ചയ്ക്ക് ചന്ദ്രശേഖർ റാവു സമയം തേടിയിരുന്നത്. എന്നാൽ തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രചാരണ തിരക്കുകൾ ഉണ്ടെന്നും കൂടിക്കാഴ്ച നടക്കില്ലെന്നും കെസിആറിനെ സ്റ്റാലിൻ അറിയിച്ചതായാണ് സൂചന.

ഫെഡറൽ മുന്നണി രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ കെസിആർ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ക്ലിഫ് ഹൗസിൽ നടന്ന കൂടിക്കാഴ്ച ഒന്നരമണിക്കൂറോളം നീണ്ടു. എന്നാൽ ഫെഡറല്‍ മുന്നണിയെന്ന ആശയോത്തോടുളള നിലപാട് സിപിഎം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

കേന്ദ്രത്തിൽ ഇത്തവണ തൂക്കുസഭ വരുമെന്നും അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ചെറു പാര്‍ട്ടികള്‍ നിര്‍ണായകമാകുമെന്നുമാണ് ചന്ദ്രശേഖര്‍ റാവുവിന്‍റെ കണക്കുകൂട്ടല്‍. കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി പ്രാദേശിക പാര്‍ട്ടികള്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് കെസിആർ പ്രാദേശിക പാർട്ടികളുടെ അധ്യക്ഷൻമാരുമായി ചർച്ച നടത്തുന്നത്.

എസ്‍പി നേതാവ് അഖിലേഷ് യാദവുമായും ബിഎസ്‍പി അധ്യക്ഷ മായാവതിയുമായും പിന്നീട് ചര്‍ച്ച നടത്തിയേക്കും. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി ഫെഡറല്‍ മുന്നണിയുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുമായും ബിജെഡി നേതാവ് നവീന്‍ പട്നായിക്കുമായും കെസിആര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഇരുവരും നിലപാട് വ്യക്തമാക്കിയിട്ടില്ല.