Asianet News MalayalamAsianet News Malayalam

അണ്ണാ ഡിഎംകെ ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സാധ്യത; സ്റ്റാലിൻ തെര. കമ്മീഷന് പരാതി നല്‍കി

ഉപതെരഞ്ഞെടുപ്പില്‍ 10 സീറ്റുകള്‍ നേടാനാകില്ലെന്ന് ഉറപ്പായതോടെ ഡിഎംകെയ്ക്ക് ലീഡ് ഉള്ള ആറോളം മണ്ഡലങ്ങളിലെ ഫലം പുറത്തുവരുന്നത് തടയാന്‍ എഐഎഡിഎംകെ കരുനീക്കം നടത്തുന്നുവെന്നാണ് സ്റ്റാലിന്‍ ആരോപിക്കുന്നത്. 

dmk complaint against aiadmk to ec
Author
Chennai, First Published May 23, 2019, 8:30 PM IST

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കുന്ന തമിഴ്നാട്ടില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്. 22 സീറ്റില്‍ മത്സരം നടന്ന സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താന്‍ 10 സീറ്റുകളാണ് എഐഎഡിഎംകെയ്ക്ക് വേണ്ടത്. എന്നാല്‍ 9 സീറ്റുകളിലാണ് അവസാന ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഭരണകക്ഷിക്ക് നേടാനായത്. 13 മണ്ഡലങ്ങളിലും ഡിഎംകെയാണ് ലീഡ് ചെയ്യുന്നത്. 

എന്നാല്‍ ലോക്സഭയിലേക്കും നിയമസഭയിലേക്കമുള്ള തെരഞ്ഞെടുപ്പിലെ മികച്ച മുന്നേറ്റത്തില്‍ ജനങ്ങളോട് നന്ദി അറിയിച്ച സ്റ്റാലിന്‍ അടുത്ത നീക്കമായി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയായിരുന്നു. കേവല ഭൂരിപക്ഷം കണ്ടെത്താൻ അണ്ണാഡിഎംകെ എന്ത് മാർഗവും ഉപയോഗിക്കുമെന്നാണ് പരാതിയില്‍ എം കെ സ്റ്റാലിൻ ആരോപിക്കുന്നത്. 

10 സീറ്റുകള്‍ നേടാനാകില്ലെന്ന് ഉറപ്പായതോടെ ഡിഎംകെയ്ക്ക് ലീഡ് ഉള്ള ആറോളം മണ്ഡലങ്ങളിലെ ഫലം പുറത്തുവരുന്നത് തടയാന്‍ എഐഎഡിഎംകെ കരുനീക്കം നടത്തുന്നുവെന്നാണ് സ്റ്റാലിന്‍ ആരോപിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങള്‍ ഉണ്ടാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് സ്റ്റാലിന്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരിക്കുന്നത്. 

ആകെ 234 സീറ്റുകളുള്ള തമിഴ്‍നാട് നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണം. അണ്ണാഡിഎംകെയ്ക്ക് തമിഴ്‍നാട് നിയമസഭയിൽ സ്പീക്കര്‍ അടക്കം ഇപ്പോൾ 114 എംഎൽഎമാരുണ്ട്. എന്നാല്‍ ഇവരില്‍ 3 പേർ ടിടിവി ദിനകരന് തുറന്ന പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. 3 സ്വതന്ത്രരുണ്ട് തമിഴ്‍നാട് നിയമസഭയിൽ. ഇവർ അണ്ണാ ഡിഎംകെ പാളയത്തിലാണ്. 

അവർ ഏത് നിമിഷവും കളം മാറാൻ സാധ്യതയുണ്ട്. അതായത് 114 എന്ന കണക്ക് കടലാസിൽ മാത്രമേയുള്ളൂ. 108 പേരേ യഥാർത്ഥത്തിൽ അണ്ണാ ഡിഎംകെയ്ക്ക് ഒപ്പമുള്ളൂ. അതിനാല്‍ ഉറപ്പുള്ള 10 എംഎല്‍എമാരെ ഭരണകക്ഷിക്ക് ആവശ്യമുണ്ട്. മത്സരം നടക്കുന്ന സീറ്റുകളില്‍ 21 സീറ്റുകളും അണ്ണാ ഡിഎംകെ സിറ്റിംഗ് സീറ്റുകളാണ്. 

22 സീറ്റുകൾ ഒഴിവ് വന്നതിങ്ങനെയാണ്. ടിടിവി ദിനകരന് പിന്തുണ പ്രഖ്യാപിച്ചതിനാൽ 18 അണ്ണാ ഡിഎംകെ എംഎൽഎമാരെ സ്പീക്കർ പി ധനപാൽ അയോഗ്യരാക്കി. ബാലകൃഷ്ണറെഡ്ഡി എന്ന മന്ത്രി അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ അയോഗ്യനാക്കപ്പെട്ടു. കരുണാനിധിയുൾപ്പടെ 3 അംഗങ്ങൾ അന്തരിച്ചു. അങ്ങനെ 22 സീറ്റുകൾ.

ഡിഎംകെ സഖ്യകക്ഷികൾക്കായി 97 സീറ്റുകളുണ്ട് തമിഴ്‍നാട് നിയമസഭയിൽ. 118 കിട്ടാൻ അവർക്ക് 21 സീറ്റുകൾ വേണം. 21 സീറ്റുകൾ ഡിഎംകെയ്ക്ക് കിട്ടാതിരിക്കുകയും, 10 സീറ്റുകളിൽ അണ്ണാ ഡിഎംകെ ജയിക്കാതിരിക്കുകയും ചെയ്താൽ കിങ്മേക്ക‌ർ ടിടിവി ദിനകരനാകും.

എംഎൽഎമാരെ ഒപ്പം കൂട്ടി ടിടിവി നേതൃത്വമേറ്റെടുക്കും. അല്ലെങ്കിൽ ഡിഎംകെയ്ക്ക് ഒപ്പം ചേർന്ന് സർക്കാരിനെ മറിച്ചിടും. സർക്കാരിനെ താഴെയിറക്കാൻ ഡിഎംകെയുമായി സഹകരിക്കണമെങ്കിൽ അത് ചെയ്യുമെന്നാണ് ടിടിവിയുടെ വിശ്വസ്തനും അയോഗ്യനാക്കപ്പെട്ട എംഎൽഎയുമായ തങ്കത്തമിഴ്‍സെൽവൻ പറഞ്ഞിരുന്നത്. അത് രാഷ്ട്രീയപരമായി ആത്മഹത്യാപരമാണ് ദിനകരന്. എംഎൽഎമാരെ ഒപ്പം കൂട്ടി ഭരണം പിടിക്കാൻ തന്നെയാകും ദിനകരന്‍റെ ആദ്യശ്രമം. 

Follow Us:
Download App:
  • android
  • ios