Asianet News MalayalamAsianet News Malayalam

ബിജെപി നേതൃത്വത്തിനെതിരെ ഒളിയമ്പുകളുമായി എൽ കെ അദ്വാനിയുടെ ബ്ലോഗ്

അടുത്തിടെ ബിജെപിക്ക് എതിരായി ചർച്ച ചെയ്യപ്പെട്ട പ്രധാന വിഷയങ്ങളെക്കുറിച്ചെല്ലാം അദ്വാനി തന്‍റെ ബ്ലോഗിൽ പരാമർശിക്കുന്നുണ്ട്. പാർട്ടി നേതൃത്വത്തിന് എതിരായ വിരുദ്ധാഭിപ്രായങ്ങളും അദ്ദേഹം വ്യംഗ്യമായി സൂചിപ്പിക്കുന്നു. 

don't call anyone anti national: LK Advani
Author
Delhi, First Published Apr 4, 2019, 8:39 PM IST

ദില്ലി:ബിജെപിയുടെ നയങ്ങളോട് വിയോജിക്കുന്നവർ ദേശവിരുദ്ധരല്ലെന്ന് മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി. വിയോജിക്കാനുള്ള സ്വാതന്ത്ര്യവും വ്യത്യസ്തതയ്ക്കുള്ള സാധ്യതയുമാണ് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ അന്തസത്തയെന്നും എൽ കെ അദ്വാനി തന്‍റെ ബ്ലോഗിൽ എഴുതി. വിയോജിക്കുന്നവരെ ശത്രുക്കളായല്ല, രാഷ്ട്രീയ എതിരാളികളായാണ് ബിജെപി കണ്ടിട്ടുള്ളത്. 'രാജ്യം ആദ്യം, പിന്നെ പാർട്ടി, അവസാനം വ്യക്തി' എന്ന തലക്കെട്ടിലാണ് അദ്വാനി ബ്ലോഗെഴുതിയത്.

അടുത്തിടെ ബിജെപിക്ക് എതിരായി ചർച്ച ചെയ്യപ്പെട്ട പ്രധാന വിഷയങ്ങളെക്കുറിച്ചെല്ലാം അദ്വാനി തന്‍റെ ബ്ലോഗിൽ പരാമർശിക്കുന്നുണ്ട്. പാർട്ടി നേതൃത്വത്തിന് എതിരായ വിരുദ്ധാഭിപ്രായവും അദ്ദേഹം വ്യംഗ്യമായി സൂചിപ്പിക്കുന്നു. പാർട്ടിക്കുള്ളിൽ ആഭ്യന്തര ജനാധിപത്യം വേണമെന്നും ബിജെപിയുടെ ചരിത്രവും പാരമ്പര്യവും പറഞ്ഞുകൊണ്ട് അദ്ദേഹം ആവശ്യപ്പെടുന്നു. ഇലക്ടറൽ ബോണ്ട് വിവാദത്തിലും പാർട്ടിയുടെ ധനസമാഹരണ മാർഗ്ഗങ്ങൾ സുതാര്യമാകണം എന്നുപറഞ്ഞ് അദ്വാനി തന്‍റെ അഭിപ്രായം പറയുന്നുണ്ട്.

ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതുണ്ടെന്നും പാർട്ടി വ്യക്തികേന്ദ്രീകൃതം ആകരുതെന്നും അദ്വാനി ബ്ലോഗിൽ ആവശ്യപ്പെടുന്നു. പണ്ഡിറ്റ് ദീൻ ദയാൽ ഉപോധ്യായ, അടൽ ബിഹാരി വാജ്പേയി തുടങ്ങിയ മഹാരഥന്‍മാരായ നേതാക്കൾക്കൊപ്പം പ്രവർത്തിക്കാനായി എന്നുപറയുന്ന അദ്വാനി ബിജെപിയുടെ ഇപ്പോഴത്തെ പ്രധാന മുഖമായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബ്ലോഗിൽ ഒരിടത്തും പരാമർശിക്കുന്നില്ല.


അദ്വാനിയുടെ ബ്ലോഗിന്‍റെ മലയാളം പരിഭാഷ ചുവടെ

"ഏപ്രിൽ ആറിന് ബിജെപി അതിന്‍റെ സ്ഥാപകദിനം ആഘോഷിക്കുകയാണ്. ഇത് ബിജെപിയിലുള്ള എല്ലാവർക്കും പിന്തിരിഞ്ഞ് നോക്കാനുള്ള സമയമാണ്. മുന്നിലേക്കും അവനവനിലേക്കും നോക്കാനുള്ള സമയം. എനിക്ക് വലിയ ബാധ്യതയുള്ള എന്‍റെ രാജ്യത്തോടും, കൂടുതൽ വ്യക്തമായി, ലക്ഷക്കണക്കായ എന്‍റെ പാർട്ടി പ്രവർത്തകരോടും ബിജെപിയുടെ സ്ഥാപകനേതാക്കളിൽ ഒരുവൻ എന്ന നിലയിൽ എന്‍റെ ചിന്തകൾ പങ്കുവയ്ക്കേണ്ടത് എന്‍റെ കടമയാണെന്ന് ഞാൻ കരുതുന്നു.

എന്‍റെ ചിന്തകൾ പങ്കുവയ്ക്കുന്നതിന് മുമ്പ്, 1991 മുതൽ തുടർച്ചയായി ആറ് തവണ ഗാന്ധിനഗർ മണ്ഡലത്തിൽ നിന്ന് എന്നെ പാർലമെന്‍റിലേക്ക് തെരഞ്ഞെടുത്ത ജനങ്ങൾക്ക് ആത്മാർത്ഥമായി നന്ദി പറയുന്നു. അവരുടെ സ്നേഹവും പിന്തുണയും എന്നും എന്നെ വികാരാധീനനാക്കിയിട്ടുണ്ട്.

പതിനാലാം വയസിൽ ആർഎസ്എസിൽ ചേർന്നപ്പോൾ മുതൽ രാജ്യത്തെ സേവിക്കുകയായിരുന്നു തന്‍റെ മുഖ്യ താൽപ്പര്യവും ലക്ഷ്യവും. എന്‍റെ രാഷ്ട്രീയജീവിതം ഏഴ് പതിറ്റാണ്ടുകാലം  വേർതിരിക്കാനാവാത്ത വിധം പാർട്ടിയോടൊപ്പമായിരുന്നു, ആദ്യം ജനസംഘത്തോടൊപ്പവും പിന്നീട് ബിജെപിയോടൊപ്പവും, ഇവ രണ്ടിന്‍റേയും സ്ഥാപകരിൽ ഒരാളായിരുന്നു ഞാൻ.

പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ, അടൽ ബിഹാരി വാജ്പേയി എന്നിവരെപ്പോലെയുള്ള അനേകം സ്വാർത്ഥ താൽപ്പര്യമില്ലാത്ത, പ്രചോദനം തന്ന, മഹാരഥൻമാർക്കൊപ്പം പ്രവർത്തിക്കാനായത് എനിക്കുകിട്ടിയ സവിശേഷമായ ഭാഗ്യമാണ്. 'രാജ്യം ആദ്യം, പാർട്ടി പിന്നീട്, വ്യക്തി അവസാനം' എന്ന എന്ന തത്വമാണ് എന്നെ ഇതുവരെ നയിച്ചത്. ഏത് സാഹചര്യത്തിലും അതിനിയും അങ്ങനെയായിരിക്കും. ഇന്ത്യൻ ജനാധിപത്യത്തിന്‍റെ അന്തസത്ത വ്യത്യസ്തതയോടുള്ള ബഹുമാനവും അഭിപ്രായ സ്വാതന്ത്ര്യവുമാണ്. ഈ പാർട്ടി ഉണ്ടായതുമുതൽ വിയോജിക്കുന്നവരെ 'ശത്രുക്കൾ' ആയി കണ്ടിട്ടില്ല, രാഷ്ട്രീയ എതിരാളികൾ മാത്രമായാണ് കണ്ടത്. രാഷ്ട്രീയമായി വിയോജിക്കുന്നവരെ 'ദേശദ്രോഹികൾ' ആയി കാണുന്ന ദേശീയതയുമല്ല ബിജെപിയുടേത്.

രാഷ്ട്രീയമായും വ്യക്തിപരമായുമുള്ള തെരഞ്ഞെടുപ്പിന് പൗരനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമായിരുന്നു. ബിജെപിയുടെ മുഖമുദ്ര ജനാധിപത്യ പാരമ്പര്യത്തിലൂന്നി പാർട്ടിക്കകത്തും വിശാല ദേശീയതലത്തിലും നടത്തിയ പ്രതിരോധം ആയിരുന്നു. മാധ്യമങ്ങളടക്കം രാജ്യത്തെ എല്ലാ ജനാധിപത്യ സ്ഥാപനങ്ങളുടേയും സ്വാതന്ത്ര്യം, സമന്വയം, നീതി, ദൃഢത എന്നിവ സംരക്ഷിക്കാൻ ബിജെപി എന്നും മുൻനിരയിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളിലെ സുതാര്യതയും രാഷ്ട്രീയ പാർട്ടികളുടെ സുതാര്യമായ ധനസമാഹരണ മാർഗ്ഗങ്ങളും അഴിമതി രഹിത ഭരണസംവിധാനത്തിന് അത്യന്താപേക്ഷിതമാണ്. അത് ഉറപ്പാക്കുന്നത് എന്നും ബിജെപിയുടെ മറ്റൊരു പ്രധാന പരിഗണനയായിരുന്നു.

ചുരുക്കത്തിൽ സത്യം, രാജ്യത്തിനായുള്ള സമർപ്പണം, പാർട്ടിക്കകത്തും പുറത്തുമുള്ള ജനാധിപത്യം എന്നിവയാണ് ഇന്നത്തെ നിലയിലേക്കുള്ള സമരവഴിയിൽ എന്‍റെ പാർട്ടിയെ നയിച്ചത്. ഈ മൂല്യങ്ങളെയെല്ലാം സാംസ്കാരിക ദേശീയതയെന്നും സദ്ഭരണമെന്നും ചുരുക്കിപ്പറയാം. ഇതാണ് എന്നും എന്‍റെ പാർട്ടി ഒപ്പം ചേർത്തുവച്ചത്.

അടിയന്തരാവസ്ഥയ്ക്കെതിരായ വീരോചിത പോരാട്ടം കൃത്യമായും മേൽപ്പറഞ്ഞ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനായിരുന്നു. ഇന്ത്യയുടെ ജനാധിപത്യസൗധത്തെ ശക്തമാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണം എന്നത് എന്‍റെ ആത്മാർത്ഥമായ ആഗ്രഹമാണ്. തെരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിന്‍റെ ഉത്സവമാണെന്നത് ശരിതന്നെ. പക്ഷേ അത് ഇന്ത്യൻ ജനാധിപത്യത്തിൽ ഇടപെടുന്ന എല്ലാവർക്കും അവരവരിലേക്ക് തിരിഞ്ഞുനോക്കാനുള്ള അവസരവുമാണ്. രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും എല്ലാറ്റിനുമുപരി സമ്മതിദായകർക്കും തിരിഞ്ഞുനോക്കാനുള്ള അവസരം.
എല്ലാവർക്കും എന്‍റെ ആശംസകൾ."

Follow Us:
Download App:
  • android
  • ios