ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥരെ സ്ഥലം മാറ്റിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിൽ പ്രതിഷേധിച്ച് കമ്മീഷന് എഴുതിയ കത്തിലാണ് മമത ബാനാർജിയുടെ പരാമർശം.     

ദില്ലി: ബിജെപിയുടെ നിർദ്ദേശപ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന് ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥരെ സ്ഥലം മാറ്റിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിൽ പ്രതിഷേധിച്ച് കമ്മീഷന് എഴുതിയ കത്തിലാണ് മമത ബാനാർജിയുടെ പരാമർശം.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി പക്ഷപാതമാണെന്നും ബിജെപിയുടെ നിർദ്ദേശപ്രകാരമാണ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും മമത ബാനർജി പറഞ്ഞു. ഇന്ത്യയിലെ ജനാധിപത്യത്തെ സംരക്ഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർണായങ്ക പങ്ക് വഹിക്കുന്നുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാൽ, 2019 ഏപ്രിൽ 5 ന് ബം​ഗാളിലെ നാല് മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥരെ സ്ഥലം മാറ്റികൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. 

ഇത്തരത്തിലുള്ളൊരു കത്തെഴുതേണ്ടി വരുന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണെന്നും മമത ബനാർജി പറഞ്ഞു. കമ്മീഷന്റെ തീരുമാനം വളരെ സ്വേച്ഛാധിപത്യപരവും പക്ഷപാതപരവുമാണ്. ബിജെപിയുടെ നിർദ്ദേശപ്രകാരമാണ് കമ്മീഷൻ തീരുമാനമെടുക്കുന്നതെന്ന് വിശ്വസിക്കാൻ ഞങ്ങൾക്ക് എല്ലാ കാരണങ്ങളുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കൊൽക്കത്ത, ബിന്തിന​ഗർ എന്നിവിടങ്ങളിലെ കമ്മീഷണർമാരെയടക്കം നാല് മുതിർന്ന ഉദ്യോ​ഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥലം മാറ്റിയത്.