സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടത്

ദില്ലി: 'മിഷൻ ശക്തി' പ്രഖ്യാപനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി തേടിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി. ഈ വിഷയത്തില്‍ പെരുമാറ്റചട്ടം ഉണ്ടായോയെന്ന് പരിശോധിക്കാന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചിരുന്നു. ഇന്ന് ഇത് സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കണോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് വട്ടം ചര്‍ച്ച നടത്തിയ ഉദ്യോഗസ്ഥ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. 'മിഷൻ ശക്തി' പ്രഖ്യാപനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് കമ്മീഷനെ മുന്‍കൂട്ടി അറിയിക്കുകയോ അനുമതി വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് സമിതിയിലെ അംഗങ്ങള്‍ വ്യക്തമാക്കി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടത്.

സാധാരണഗതിയില്‍ ഡിആര്‍ഡിഒ നടത്തേണ്ട പ്രഖ്യാപനം പ്രധാനമന്ത്രി ഏറ്റെടുത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ള പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത് ചട്ടലംഘനമാണെന്ന് സീതാറാം യച്ചൂരിയുടെ പരാതിയില്‍ പറയുന്നു.

ബി.ജെ.പിയുടെ മുങ്ങുന്ന കപ്പൽ രക്ഷിക്കാൻ ശാസ്ത്രജ്ഞരുടെ നേട്ടം മോദി ഉപയോഗിച്ചെന്നായിരുന്നു തൃണമൂൽ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ ആക്ഷേപം. ബുധനാഴ്ച്ച രാവിലെയോടെയാണ് നിര്‍ണായക വിവരം അറിയിക്കുന്നതിനായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും എന്ന പ്രധാനമന്ത്രിയുടെ അറിയിപ്പ് ട്വിറ്ററിലൂടെ വന്നത്.

ഇതോടെ രാജ്യമാകെ ആകാംക്ഷ നിറഞ്ഞു. പിന്നാലെയാണ് ബഹിരാകാശത്തെ ലക്ഷ്യത്തെ മിസൈല്‍ ഉപയോഗിച്ച് ഇന്ത്യ തകര്‍ത്തെന്ന വിവരം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് മുന്നൂറ് കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലുണ്ടായ ഒരു ഉപഗ്രഹത്തെ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്ത വിവരം നിങ്ങളെ അഭിമാനപൂര്‍വ്വം അറിയിക്കട്ടെ.

ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വിജയകരമായതോടെ ചാരഉപഗ്രഹങ്ങളെ ആക്രമിക്കാനും ഇല്ലാതാക്കാനുമുള്ള ശേഷി ഇന്ത്യ സ്വന്തമാക്കിയതായി രാജ്യത്തോടായി നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞു.