Asianet News MalayalamAsianet News Malayalam

മോദി ഭരണത്തില്‍ ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ തകര്‍ന്നു: സീതാറാം യെച്ചൂരി

2014 ല്‍ 10 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവര്‍ അഞ്ച് വര്‍ഷത്തെ ഭരണത്തിന് ശേഷം ഇറങ്ങുമ്പോള്‍ രാജ്യത്ത് തൊഴിലില്ലായ്മ ചരിത്രത്തിലേറ്റവും രൂക്ഷമായ അവസ്ഥയിലാണ്. 

Economy has been destroyed in five years said Yechury
Author
New Delhi, First Published Mar 31, 2019, 12:14 AM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്നായിരുന്നു യെച്ചൂരി ട്വിറ്ററില്‍ കുറിച്ചത്. 2014 ല്‍ 10 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവര്‍ അഞ്ച് വര്‍ഷത്തെ ഭരണത്തിന് ശേഷം ഇറങ്ങുമ്പോള്‍ രാജ്യത്ത് തൊഴിലില്ലായ്മ ചരിത്രത്തിലേറ്റവും രൂക്ഷമായ അവസ്ഥയിലാണ്. 

10 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന 2014-ലെ വാഗ്ദാനം പാഴായി. ഇതിനെല്ലാം കണക്ക് പറയണ്ട സമയമാണിതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ സമ്പദ്‍വ്യവസ്ഥയുടെ അഞ്ചുവര്‍ഷത്തിനിടെയുണ്ടായ തകര്‍ച്ചയുടെ കണക്കുകള്‍ നിരത്തുന്നതാണ് യെച്ചൂരിയുടെ ട്വീറ്റുകള്‍. കേന്ദ്ര ധനമന്ത്രി ബ്ലോഗെഴുതുന്ന തിരക്കിലാണ്. മോദി ഭരിക്കുന്ന തിരക്കിലും. സമ്പദ്‍വ്യവസ്ഥയുടെ തകര്‍ച്ചയെ സംബന്ധിക്കുന്ന തെളിവുകള്‍ ഇനിയുമുണ്ട് - യെച്ചൂരി ട്വിറ്റ് ചെയ്തു. ചൌക്കിദാര്‍ പദവി സ്വയം ഏറ്റെടുത്ത മോദിക്കെതിരെ നേരത്തെയും രൂക്ഷമായ ഭാഷയില്‍ യെച്ചൂരിയുടെ ട്വിറ്റുകളുണ്ടായിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്രമോദി നുണകൾ പ്രചരിപ്പിക്കുന്നതിലൂടെ ആ​ഗോളതലത്തിൽ ഇന്ത്യ അപമാനിക്കപ്പെടുന്നുവെന്ന് യെച്ചൂരിയുടെ മറ്റൊരു ട്വിറ്റ്. ബാലാകോട്ട് വ്യോമാക്രമണം ആള്‍നാശമുണ്ടാക്കാന്‍ വേണ്ടിയായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി എസ് എസ് അലുവാലിയ പറഞ്ഞതിന് പിന്നാലെയാണ് യെച്ചൂരിയുടെ പ്രതികരണം. 'ബാലാകോട്ട് ആക്രമണം ആള്‍നാശമുണ്ടാക്കിയില്ലെന്ന് ​മോദിയുടെ മന്ത്രി ക്യാമറക്ക് മുന്നിൽ പറയുന്നു. എത്രമാത്രം നുണകളാണ് സർക്കാർ പ്രചരിപ്പിച്ചത്​. ദേശീയ സുരക്ഷയെ രാഷ്ട്രീയവത്​കരിച്ച മോദിയു​ടെ നടപടിയും ആഗോളതലത്തിൽ രാജ്യത്തെ അപമാനിക്കുന്നതാണ്​. അദ്ദേഹം ചെയ്യുന്നത്​ നാണക്കേടുണ്ടാക്കുന്ന പ്രവൃത്തികളാണ്​ എന്നായിരുന്നു സീതാറാം യെച്ചൂരിയുടെ ട്വീറ്റ്. 

മോദി രാജ്യത്തിനായി ഒന്നും ചെയ്തിട്ടില്ല. അധികാരം ഉപയോഗിച്ച് സിബിഐ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുന്ന നടപടികളാണ് മോദി കൈക്കൊണ്ടത്. കാവൽക്കാരന്‍റെ ജോലി സമ്പത്ത് സംരക്ഷിക്കുകയാണ് എന്ന് മോദി ഓർക്കണമെന്നും സീതാറാം യച്ചൂരി പറഞ്ഞു. ശ്രീരാമന്‍റെ ഭരണമല്ല ദുശ്ശാസനന്‍റെ ഭരണമാണ് ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത്. രാജ്യത്തിന്‍റെ നിയമങ്ങൾക്ക് പകരം ബിജെപിയുടെ നിയമങ്ങളാണ് മോദി നടപ്പിലാക്കുന്നത്. സമ്പന്നരെ മാത്രം സഹായിക്കുന്ന നടപടികൾ മൂലം കർഷകർ ദുരിതത്തിലായെന്നും യച്ചൂരി പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയ്ക്ക് വേദിയൊരുക്കിയ ആം ആദ്മി പാര്‍ട്ടിയുടെ റാലിയില്‍ പ്രസംഗിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios