കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അസാധാരണ നടപടി. മെയ് 19ന് തെര‍ഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഒമ്പത് മണ്ഡലങ്ങളിലെ പ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ചു. സംസ്ഥാനത്ത് നടക്കുന്ന തുടർച്ചയായ അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ന‍ടപടി. 324 വകുപ്പ് പ്രകാരമാണ് മെയ് 17 വരെ നടക്കേണ്ടിയിരുന്ന പ്രചാരണം മെയ് 16 രാത്രി പത്ത് മണിയോടെ അവസാനിപ്പിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. 

ഇന്നലെ നടന്ന അമിത് ഷായുടെ റാലിയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് - ബിജെപി വാക്പോര് മുറുകുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അസാധാരണ നടപടി. അതേസമയം ഇന്ന് കൊല്‍ക്കത്തയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് റാലി നടക്കുകയാണ്. 

അതേസമയം ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളിലെ ആഭ്യന്തര സെക്രട്ടറിയെ തല്‍ സ്ഥാനത്ത് നിന്ന് മാറ്റി. ചീഫ് സെക്രട്ടറിക്ക് പകരം ചുമതല നല്‍കിയിട്ടുണ്ട്.. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെട്ടതിനാണ് നടപടിയെന്ന് തെര‌ഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പൊലീസ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ജനറലിലെയും മാറ്റിയിട്ടുണ്ട്.