ഏപ്രില്‍ 19-ന് ഉത്തര്‍പ്രദേശിലെ സാംബാലില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നിതിനിടെ നടത്തിയ വിവാദ പരാമര്‍ശത്തെ തുടർന്നാണ് യോ​ഗി ആദിത്യനാഥിന് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീ‌സ് അയച്ചത്.  

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും നോട്ടീസ് അയച്ചു. ഏപ്രില്‍ 19-ന് ഉത്തര്‍പ്രദേശിലെ സാംബാലില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നിതിനിടെ നടത്തിയ വിവാദ പരാമര്‍ശത്തെ തുടർന്നാണ് യോ​ഗി ആദിത്യനാഥിന് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീ‌സ് അയച്ചത്. ബാബറിന്റെ പിന്‍ഗാമി (ബാബര്‍ കി ഔലാദ്) എന്നായിരുന്നു യോ​ഗിയുടെ പരാമർശം.

ബാബറിന്റെ പിന്‍ഗാമികളെന്ന് വിളിക്കുന്നവർക്ക്, ബജ്രംഗ്ബലിയെ എതിർക്കുന്നവർക്ക് നിങ്ങൾ രാജ്യം കൈമാറുമോ എന്നായിരുന്നു പ്രസം​ഗത്തിനിടെ യോ​ഗി ചോദിച്ചത്. മണ്ഡലത്തിലെ എസ്പി സ്ഥാനാര്‍ത്ഥി ഷഫീഖർ റഹ്മാൻ ബാർക്കിനെ ഉദ്ദേശിച്ചായിരുന്നു യോ​ഗിയുടെ പരാമര്‍ശം. മു​ഗൾ ഭരണാധികാരി ബാബറിന്റെ പിൻ​ഗാമിയാണ് താനെന്ന് ഷഫീഖർ റഹ്മാൻ മുമ്പ് പറഞ്ഞിരുന്നു. യോ​ഗിയുടെ പ്രസ്താവന പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് കമ്മീഷന്‍റെ നടപടി. നോട്ടീസിൽ 24 മണിക്കൂറിനുളളില്‍ മറുപടി നല്‍കാൻ കമ്മീഷൻ നിര്‍ദേശിച്ചു.

'പച്ച വൈറസ്', 'ബജ്‍രംഗ് ബലി', 'അലി', 'മോദി സേന' തുടങ്ങിയ വിദ്വേഷ, വർഗീയപരാമർശം നടത്തിയതിനെ തുടർന്ന് ഏപ്രിൽ 15-ന് യോ​ഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷൻ 72 മണിക്കൂര്‍ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യോ​ഗി ആദിത്യനാഥ് വീണ്ടും വർ​ഗീയ പരാമർശം നടത്തിയിരിക്കുന്നത്. 

ബറേലിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു യോഗി ആദിത്യനാഥിന്റെ 'പച്ച വൈറസ്' പരാമർശം. മുസ്‌ലിം ലീഗിനെയും കോണ്‍ഗ്രസിനെയും ഒരുമിച്ച് കടന്നാക്രമിച്ച യോ​ഗി, കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുന്ന പച്ചവൈറസ് ആണ് മുസ്‌ലിം ലീഗ് എന്ന് പരാമർശിച്ചു. അതേ പ്രസം​ഗത്തിൽ തന്നെയാണ് 'ബജ്‍രംഗ് ബലി', 'അലി', പരാമർശങ്ങൾ നടത്തിയത്. 'നിങ്ങൾക്ക് അലിയെയാണ് വിശ്വാസമെങ്കിൽ ഞങ്ങൾക്ക് ബജ്‍രംഗ് ബലിയെയാണ് വിശ്വാസം' എന്നായിരുന്നു യോ​ഗിയുടെ പരാമർശം. ബിഎസ്പിക്കെതിരെയുള്ള പ്രസ്താവനയായിരുന്നു അത്. ഗാസിയാബാദിലും ഗ്രേറ്റര്‍ നോയിഡയിലും തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ‘മോദി സേന’ എന്ന പരാമര്‍ശം നടത്തിയത്.