കർണാടക സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ് കമ്പനിയിലാണ് മഷിക്കുപ്പികൾ തയ്യാറാക്കുന്ന ഓർഡർ നൽകിയിരിക്കുന്നത്. ഏകദേശം 33 കോടിയാണ് മഷിക്കുപ്പികളുടെ നിർമാണത്തിനായി കമ്മീഷൻ ചെലവഴിക്കുക. 

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിന് ശേഷം വോട്ടർമാരുടെ വിരലിൽ മഷിയടയാളം പതിക്കാൻ ഏകദേശം 26 ലക്ഷം മഷിക്കുപ്പികൾ വേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കർണാടക സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ് കമ്പനിയിലാണ് മഷിക്കുപ്പികൾ തയ്യാറാക്കുന്നതിന് ഓർഡർ നൽകിയിരിക്കുന്നത്. ഏകദേശം 33 കോടിയാണ് മഷിക്കുപ്പികളുടെ നിർമാണത്തിനായി കമ്മീഷൻ ചെലവഴിക്കുക. 

10 ക്യൂബിക് സെൻ്റീമീറ്റർ വലിപ്പമുള്ള കുപ്പികളിലാണ് വോട്ടിം​ഗ് മഷി നിറയ്ക്കുക. ഒരു ക്യൂബിക് സെന്റീ മീറ്റർ എന്ന് വച്ചാൽ ഒരു മില്ലീ ലിറ്റർ. 
2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 21.5 ലക്ഷം മഷിക്കുപ്പികളാണ് ഉപയോ​ഗിച്ചത്. ഇത്തവണത്തെക്കാളും 4.5 ലക്ഷം കുറവാണിതെന്ന് മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ് കമ്പനി എംഡി ചന്ദ്രശേഖർ ​ദോദാമണി പറഞ്ഞു.

ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്ക് വോട്ടിം​ഗ് മഷി വിതരണം ചെയ്യുന്നതിനായി 1962-ൽ തെരഞ്ഞടുപ്പ് കമ്മീഷൻ നിയമ മന്ത്രാലയം, നാഷണൽ ഫിസിക്കൽ ലബോറട്ടറി, നാഷണൽ റിസർച്ച് ഡെവലപ്മെന്റ് കോർപ്പറേഷൻ എന്നിവയുമായി സഹകരിച്ച് മൈസൂർ പെയിന്റ്സുമായി കരാറുണ്ടാക്കിയത്. ലോകത്തിലെ മുപ്പതോളം രാജ്യത്തേക്ക് വോട്ടിം​ഗ് മഷി കയറ്റി അയക്കുന്ന കമ്പനിയാണ് മൈസൂർ.