മതത്തിന്‍റെ പേരിൽ വോട്ട് തേടിയെന്ന പരാതിയെ തുടർന്ന് പത്തനംതിട്ട , തൃശ്ശൂർ ജില്ലാ കലക്ടർമാരോടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വിശദീകരണം തേടിയത്

തിരുവനന്തപുരം: ഇടത് സ്ഥാനാർത്ഥികളായ വീണാ ജോർജ്ജിനും രാജാജി മാത്യു തോമസിനും ഓ‌ർത്തഡോക്സ് സഭ പരസ്യ പിൻതുണ പ്രഖ്യാപിച്ചതിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ. 

പത്തനംതിട്ട , തൃശ്ശൂർ ജില്ലാ കലക്ടർമാരോടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വിശദീകരണം തേടിയത്. മതത്തിന്‍റെ പേരിൽ വോട്ട് തേടിയെന്ന പരാതിയെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടിയത്. എന്നാൽ ചട്ടലംഘനം ഉണ്ടായില്ലെന്നാണ് തൃശ്ശൂർ കലക്ടറുടെ റിപ്പോർട്ട്. 

പത്തനംതിട്ട ജില്ലാ കലക്ടറുടെ റിപ്പോർട്ട് കൂടെ കിട്ടിയ ശേഷമായിരിക്കും പരാതിയിൽ മുഖ്യ തെര‌ഞ്ഞടുപ്പ് ഓഫീസറുടെ അന്തിമ തീരുമാനം ഉണ്ടാകുക. ഇടത് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഓർത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍റെ വീഡിയോ വോട്ടെടുപ്പ് ദിവസമായിരുന്നു പുറത്ത് വന്നത്.