Asianet News MalayalamAsianet News Malayalam

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്: പ്രഖ്യാപനം ഇന്ന് വൈകിട്ട് അ‍ഞ്ച് മണിക്ക്

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിലേക്ക്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാര്‍ത്താസമ്മേളനം വൈകിട്ട് അഞ്ച് മണിക്ക്. പ്രഖ്യാപനം വരുന്നതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വരും. 

election commission to announce poll dates today
Author
Delhi, First Published Mar 10, 2019, 11:05 AM IST

ദില്ലി: അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിലേക്ക്. പതിനേഴാം ലോക്സഭയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനായുള്ള പൊതുതെരഞ്ഞെടുപ്പിന്‍റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. 

തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി ഇന്ന് വൈകിട്ട് അ‍ഞ്ച് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചു കൂട്ടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ രാജ്യമാകെ തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വരും. ജൂണ്‍ രണ്ടിന് നിലവിലുള്ള ലോക്സഭയുടെ കാലാവധി അവസാനിക്കുകയാണ്. അതിനകം പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കുകയും വേണം. 

ലോകത്തെ ഏറ്റവും കൂടുതല്‍ പേര്‍ വോട്ടു ചെയ്യുന്ന തെരഞ്ഞെടുപ്പാണ് നടത്തേണ്ടത് എന്നതിനാല്‍ വിപുലമായ ആസൂത്രണവും തയ്യാറെടുപ്പുകളുമാണ് പൊതുതെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം അരുണാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, സിക്കിം,ഒഡീഷാ എന്നീ സംസ്ഥാനങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഇതു കൂടാതെ രാഷ്ട്രപതി ഭരണം നിലവിലുള്ള ജമ്മു കശ്മീരിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ട്. 

ബിജെപി അധികാരത്തിലിരിക്കുന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും സര്‍ക്കാര്‍ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നടത്തിയേക്കും എന്ന രീതിയില്‍ അഭ്യൂഹങ്ങളുണ്ടായെങ്കിലും ദില്ലിയില്‍ ബിജെപി പാര്‍ലമെന്‍റ് പാര്‍ട്ടി യോഗം ഇരുസംസ്ഥാനങ്ങളിലും അഞ്ച് വര്‍ഷത്തെ അധികാരം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ മതിയെന്ന ധാരണയിലെത്തിയിരുന്നു. 

പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതോടെ സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കുന്നതിന് ജനപ്രതിനിധികള്‍ക്ക് വിലക്കുണ്ടാവും. സര്‍ക്കാര്‍ സംവിധാനങ്ങളെ പ്രചരണത്തിന് ഉപയോഗിക്കാനും പാടില്ല. ഇതു മുന്‍കൂട്ടി കണ്ട് തിരക്കിട്ട ഉദ്ഘാടന പരിപാടികളിലായിരുന്നു പ്രധാനമന്ത്രിമാരും കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരുമെല്ലാം. 

157 പദ്ധതികളാണ് കഴിഞ്ഞ മുപ്പത് ദിവസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ആഴ്ച്ചകളായി രാജ്യത്തെ എല്ലാ പ്രമുഖ മാധ്യമങ്ങളിലും കേന്ദ്രസര്‍ക്കാരിന്‍റെ വിവിധ വികസനപദ്ധതികളെക്കുറിച്ചുള്ള പരസ്യങ്ങള്‍ വന്നിരുന്നു. സമാനമായ രീതിയില്‍ കേരളത്തിലും വിപുലമായ പ്രചാരമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇടയിലും മുഖ്യമന്ത്രി പിണറായി വിജയന്‍ നിരവധി പദ്ധതികള്‍ തിരക്കിട്ട് ഉദ്ഘാടനം ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios