വൈകുന്നേരം നാലര മുതല്‍ ആറ് മണി വരെയുള്ള സമയം രാഹുകാലമാണ്. ഈ സമയത്തെ വാര്‍ത്താ സമ്മേളനം മാറ്റണമെന്ന് ഒരു ഗവര്‍ണര്‍ ചില ദക്ഷിണേന്ത്യന്‍ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പും കാലാവധി അവസാനിച്ച നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും വൈകിട്ട് അഞ്ച് മണിക്ക് പ്രഖ്യാപിക്കും. വൈകിട്ട് അഞ്ച് മണിക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം. അതേസമയം തിരഞ്ഞെടുപ്പ് പ്രഖ്യാപനം രാഹുകാലത്ത് ആണെന്നും അതിനാല്‍ വാര്‍ത്താ സമ്മേളനത്തിന്റെ സമയം മാറ്റണമെന്നും ആവശ്യപ്പെട്ട് ജ്യോതിഷ വിശ്വാസികളായ ചില രാഷ്ട്രീയ നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. 

വൈകുന്നേരം നാലര മുതല്‍ ആറ് മണി വരെയുള്ള സമയം രാഹുകാലമാണ്. ഈ സമയത്തെ വാര്‍ത്താ സമ്മേളനം മാറ്റണമെന്ന് ഒരു ഗവര്‍ണര്‍ ചില ദക്ഷിണേന്ത്യന്‍ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം മാറ്റിവച്ചുകൂടെ എന്നാണ് ഇവര്‍ ചോദിക്കുന്നത്. ഹൈന്ദവ വിശ്വാസ പ്രകാരം സൂര്യോദയത്തിനും സൂര്യാസ്തമത്തിനും ഇടയില്‍ 90 മിനിറ്റ് രാഹുകാലമാണ്. 

രാഹുകാലത്തില്‍ വിശ്വസിക്കുന്ന നിരവധി രാഷ്ട്രീയ നേതാക്കളുണ്ട്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു സത്യപ്രതിജ്ഞ ചെയ്തത് രാഹുകാലം നോക്കിയാണ്. തെലങ്കാന നിയമസഭ പിരിച്ചുവിട്ടത് തന്നെ രാഹുകാലം നോക്കിയാണ്. 

കര്‍ണാടകയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് കര്‍ണാടകയില്‍ ബി.ജെ.പി നേതാക്കള്‍ ഗവര്‍ണറെ കണ്ടതും രാഹുകാലം നോക്കിയായിരുന്നു. ദേവഗൗഡ, ചന്ദ്രബാബു നായിഡു തുടങ്ങിയ നേതാക്കളും കടുത്ത ജ്യോതിഷ വിശ്വാസികളാണ്.