Asianet News MalayalamAsianet News Malayalam

കുറ്റപത്രത്തിലെ 'എപി' അഹമ്മദ് പട്ടേലെന്ന് എൻഫോഴ്സ്മെന്‍റ്, രാഷ്ട്രീയലാഭത്തിന് ചോർത്തിയെന്ന് കോൺഗ്രസ്

കുറ്റപത്രം ചോർന്നത് എങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് കാണിച്ചാണ് പാട്യാല കോടതി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് നോട്ടിസ് അയച്ചിരിക്കുന്നത്. വിഷയത്തിൽ നാളെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിശദീകരണം നൽകും.

enforcement charge sheet on agustawestland scam leaked becomes hot topic amid loksabha polls
Author
Delhi, First Published Apr 5, 2019, 3:50 PM IST

ദില്ലി:  ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ അഗസ്റ്റ വെസ്റ്റ്‍ലാൻഡ്  അഴിമതി കേസ് വീണ്ടും വിവാദമാകുന്നു. അഗസ്റ്റ വെസ്റ്റ്ലാന്‍റ് ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനും ഗാന്ധി കുടുംബത്തിലെ ഒരു അംഗത്തിനും പങ്കുണ്ടെന്ന് കാണിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതോടെയാണ് കേസ് വീണ്ടും വലിയ ചർച്ചയാവുന്നത്. 

അഗസ്റ്റ വെസ്റ്റ്ലാന്‍റ് ഹെലികോപ്ടർ ഇടപാടിലെ ഇടനിലക്കാരൻ കിസ്ത്യൻ മിഷേലിന്‍റെ ഡയറിയിലെ എ.പി, എഫ്എഎം എന്നീ പരാമർശങ്ങൾ  അഹമ്മദ് പട്ടേലിനെയും നെഹ്റു കുടുംബത്തെയും സൂചിപ്പിക്കന്നതാണെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ  കണ്ടെത്തൽ. അഗസ്റ്റ വെസ്റ്റ്ലാന്‍റ് ഹെലികോപ്റ്റര്‍ ഇടപാടിനായി രാഷ്ട്രീയക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കോഴ നൽകിയെന്ന് ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേൽ സമ്മതിച്ചതായും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്നലെ ദില്ലി കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നു.

എന്നാൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ഹീനമായ നാടകമാണിതെന്നും കുറ്റപത്രത്തിലെ പരാമ‌ശങ്ങൾ അടിസ്ഥാന രഹിതമാണെന്നും അഹമ്മദ് പട്ടേൽ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ പരാജയഭീതി കാരണം ബിജെപി എൻഫോഴ്സ്മെന്‍റിനെ ഉപയോഗിച്ച് തരം താണ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല പറഞ്ഞു
 
അതേസമയം അഗസ്റ്റ വെസ്റ്റ്ലാന്‍റ് കേസിലെ കുറ്റപത്രം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മാധ്യമങ്ങൾക്ക് ചോർത്തിയെന്നാരോപിച്ച് ക്രിസ്റ്റ്യൻ മിഷേൽ  കോടതിയെ സമീപിച്ചു. കേസിലെ പ്രതിയായ തനിക്ക് ലഭിക്കുന്നതിന് മുൻപേ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം മാധ്യമങ്ങൾക്ക്  ചോർത്തി നൽകിയെന്നാരോപിച്ച്  ദില്ലി പാട്യാല കോടതിയിലാണ് ക്രിസ്ത്യൻ  മിഷേൽ പരാതി നൽകിയത്. മിഷേലിന്‍റെ പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ട്  പാട്യാല കോടതി എൻഫോഴ്സ്മെന്‍റിന് നോട്ടീസ് അയച്ചു.

കുറ്റപത്രം ചോർന്നത് എങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് കാണിച്ചാണ് പാട്യാല കോടതി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് നോട്ടിസ് അയച്ചിരിക്കുന്നത്. വിഷയത്തിൽ നാളെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിശദീകരണം നൽകും.

സോണിയാഗാന്ധി, രാഹുൽ ഗാന്ധി, അഹമ്മദ് പട്ടേൽ ഉൾപ്പടെയുള്ള  കോൺഗ്രസ് നേതാക്കളെ സംശയത്തിന്‍റെ നിഴലിൽ നിര്‍ത്തുന്ന കുറ്റപത്രം തെരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ ആയുധമാക്കാമെന്ന കണക്ക് കൂട്ടലിലാണ് ബിജെപി. 

Follow Us:
Download App:
  • android
  • ios