കോഴിക്കോട്:എസ്ഡിപിഐയുമായി കൂടിക്കാഴ്ച നടത്തിയതിൽ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും പാർട്ടിക്ക് വിശദീകരണം നൽകി. കൂടിക്കാഴ്ച യാദൃശ്ചികമായിരുന്നുവെന്നാണ് വിശദീകരണം. മലപ്പുറം, പൊന്നാനി സംയുക്ത പാർലമെന്‍റ് മണ്ഡലം കമ്മിറ്റി യോഗത്തിലാണ് വിശദീകരണം നൽകിയത്.

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ നസറൂദ്ദീന്‍ എളമരം, എസ്‍ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ അബ്ദുള്‍ മജീദ് ഫൈസി എന്നിവരുമായിട്ടായിരുന്നു മുസ്ലീം ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തിയത്. കൊണ്ടോട്ടിയിലെ കെടിഡിസി ഹോട്ടലിലെ നൂറ്റിയഞ്ചാം നമ്പ‍ർ മുറിയില്‍ വച്ച്  രാത്രി എട്ടരയോടെയായിരുന്നു കൂടിക്കാഴ്ച്ച. ഇടി മുഹമ്മദ് ബഷീറാണ് ആദ്യം ഹോട്ടലില്‍ എത്തിയത്. പത്ത് മിനിറ്റിന് ശേഷം നസറൂദ്ദിന്‍ എളമരവും സംഘവും എത്തി.

പി വി അന്‍വര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ  കടുത്ത മത്സരമാണ് മുസ്ലീം ലീഗ് പൊന്നാനിയില്‍ നേരിടുന്നത്. മണ്ഡലത്തിലെ കോണ്‍ഗ്രസ് വോട്ടുകള്‍ ലീഗിന് ലഭിക്കില്ലെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തില്‍ വോട്ട് ധാരണയ്ക്ക് വേണ്ടിയാണ് രണ്ട് പാര്‍ട്ടികളുടേയും നേതാക്കള്‍ തമ്മില്‍ കണ്ടെതെന്നായിരുന്നു പുറത്ത് വന്ന വിവരം. 2014-ല്‍ പൊന്നാനി മണ്ഡലത്തില്‍ 26,000 വോട്ടുകളാണ് പോപ്പുലര്‍ ഫ്രണ്ട് നേടിയത്. 

മുസ്ലീംലീഗും എസ്ഡിപിഐയും തമ്മില്‍ രഹസ്യചര്‍ച്ച നടന്നെന്ന വാദം മുസ്ലീം ലീഗ് തള്ളിയിരുന്നു. കൊണ്ടോട്ടി കെടിഡിസി ഹോട്ടലില്‍ വച്ച് യാദൃശ്ചികമായാണ് എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കണ്ടെതെന്ന ഇടി മുഹമ്മദ് ബഷീറിന്‍റെ വിശദീകരണം തൃപ്തികരമാണെന്നായിരുന്നു മുസ്ലീംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചത്.

അതേ സമയം നാല് വോട്ടിന് വേണ്ടി വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന നിലപാടാണ് യുഡിഎഫിന്‍റേതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട്‍. എസ്‍ഡിപിഐ നേതാക്കളുമായി ഇ ടി മുഹമ്മദ് ബഷീറടക്കം ലീഗ് നേതാക്കൾ നടത്തിയ രഹസ്യ ചര്‍ച്ചക്കെതിരെ പ്രതികരിക്കവേയാണ് യു‍ഡിഎഫിനെതിരെ പിണറായി വിജയന്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.

 ആര്‍എസ്എസിന് ബദലായി എസ്ഡിപിഐ വര്‍ഗീയ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ അകല്‍ച്ച പാലിക്കാന്‍ ശ്രമിച്ചെന്ന തോന്നലുണ്ടാക്കിയെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലും മുസ്ലീം ലീഗ് എസ്ഡിപിഐയുമായി രഹസ്യധാരണയുണ്ടാക്കി. സിസിടവിയുള്ളത് കൊണ്ട് ഇപ്പോഴത്തെ ചര്‍ച്ച രേഖയായി എന്നും പിണറായി പറഞ്ഞിരുന്നു.