കോഴിക്കോട്: പാര്‍ലമെന്‍റ് അംഗങ്ങളുടെ ആസ്തി വര്‍ദ്ധനയില്‍ ഏറ്റവും മുമ്പില്‍ പൊന്നാനി എംപി ഇ ടി മുഹമ്മദ് ബഷീറെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ഇലക്ഷന്‍ വാച്ചിന്‍റെയും അസോസിയേഷൻ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്‍റെയുമാണ് കണ്ടെത്തൽ.സ്വത്ത് വിലയിലും എം പിയുടെ ശമ്പളത്തിലും കാലക്രമത്തില്‍ വന്ന വര്‍ദ്ധന സത്യവാങ്മൂലത്തില്‍ യഥാര്‍ത്ഥമായി കാണിച്ചതിനെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ഇ ടി മുഹമ്മദ് ബഷീറിന്‍റെ പ്രതികരണം.

2009 ലെയും, 2014ലെയും ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ ഇ ടി മുഹമ്മദ് ബഷീര്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളിലെ വിവരങ്ങള്‍ താരതമ്യപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇ ടിയുടെ സ്വത്തില്‍ അഞ്ച് വര്‍ഷത്തിനിടെ 2081 ശതമാനം വര്‍ധന ഉണ്ടായെന്നും സമ്പാദ്യം 20 മടങ്ങ് കൂടിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടിനാധാരമായ സത്യവാങ്മൂലങ്ങളിലെ വിവരങ്ങള്‍ ഇങ്ങനെയാണ്. 

2009ലെ സത്യവാങ്മൂലത്തില്‍ ഇ ടിയുടെ ഉടമസ്ഥതിലുള്ളത് 77 സെന്‍റ് ഭൂമി. വിലയായി കാണിച്ചിരിക്കുന്നത് ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപ. 2014ല്‍ 53 സെന്‍റ് ഭൂമിയാണ് ഉടമസ്ഥതതയിലുള്ളതായി രേഖപ്പെടുത്തിയിരിക്കുന്നത്. വില കാണിച്ചിരിക്കുന്നത് 67ലക്ഷത്തി പന്ത്രണ്ടായിരം രൂപ. 2009ലെ സത്യവാങ്മൂല്തതില്‍ വീടിന്‍റെ വില ഒരു ലക്ഷം രൂപയാണ് കാണിച്ചിരിക്കുന്നതെങ്കില്‍ 2104ല്‍ 20 ലക്ഷമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യമായി പൊന്നാനിയില്‍ മത്സരിക്കുന്ന 2009ല്‍ ഇടിയുടെ സമ്പാദ്യം 6,05,855 രൂപയായിരുന്നു. 

2014ലെ സമ്പാദ്യം 1,32,16,259  രൂപയെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. 2009ന് ശേഷം സ്വന്തമാക്കിയ ഓള്‍ട്ടോ കാറിന്‍റെയും മാരുതി ഓമ്നി വാനിന്‍റെയും വിവരങ്ങള്‍ 2014ലെ സത്യവാങ്മൂലത്തില്‍ നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.