ദില്ലി: ലോക് സഭാ തെരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതോടെ രാഷ്ട്രീയ കരനീക്കങ്ങള്‍ ചൂടുപിടിക്കുകയാണ്. എന്‍ഡിഎയ്ക്കും നരേന്ദ്രമോദിക്കും സാധ്യത കല്‍പ്പിക്കുന്ന ഫലങ്ങളാണ് പുറത്തുവന്നത്. ഇതോടെ എക്സിറ്റ് പോളുകള്‍ക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി.

എന്നാല്‍ എല്ലാ എക്സിറ്റ് പോളുകളും തെറ്റെന്ന് പറയാന്‍ കഴിയില്ലെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം.' ടിവി സ്വിച്ച്  ഓഫ് ചെയ്യേണ്ടതിന്‍റെയും സോഷ്യല്‍മീഡിയ ലോഗ് ഔട്ട് ചെയ്യേണ്ടതിന്‍റെയും സമയമാണിത്. 23-ാം തിയ്യതി വരെയും കാത്തിരിക്കാം ലോകം അതിന്‍റെ അച്ചുതണ്ടില്‍ തന്നെ കറങ്ങുന്നുണ്ടോയെന്ന് നോക്കാമെന്നും' അദ്ദേഹം ട്വീറ്റ് ചെയ്തു. 

പ്രതിപക്ഷ കക്ഷികള്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ മാറ്റാനോ തിരിമറി നടത്താനോ ഉള്ള തന്ത്രമാണ് ഇപ്പോൾ പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങളെന്നാണ് മമത ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചത്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് ശക്തമായി നില്‍ക്കുമെന്ന് മമതാ ബാനര്‍ജി വിശദമാക്കി. കോണ്‍ഗ്രസ് നേതാവ് ശശി തരൂരും എക്സിറ്റ് പോള്‍ ഫലത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.