ദില്ലി: ഹരിയാനയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ അഭൂതപൂര്‍വ്വമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് വര്‍ഷം ഭരിച്ച പാര്‍ട്ടിയെ വീണ്ടും തെരഞ്ഞെടുക്കുന്നത് അസാധാരണമാണെന്നും  വോട്ട് വിഹിതത്തിലും വര്‍ധനവുണ്ടായതായും മോദി പറഞ്ഞു. പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിയാനയിലേയും മഹാരാഷ്ട്രയിലെയും ജനങ്ങള്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ബിജെപിയിലര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ട്. കഴിഞ്ഞ കാല ചരിത്രം നോക്കിയാല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും തെരഞ്ഞെടുക്കപ്പെടുക എന്നത് തീര്‍ത്തും ദുഷ്കരമാണ്. അതിവിടെ സാധ്യമായിരിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാഫിസിന്‍റെയും രിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്‍റെയും  പൊതുക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്നും അദ്ദഹം പറഞ്ഞു.

2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 47 സീറ്റുകളുണ്ടായിരുന്ന ബിജെപിക്ക് ഈ തെരഞ്ഞെടുപ്പില്‍ 40 സീറ്റ് മാത്രമാണ് നേടാനായത്. എന്നാല്‍ വോട്ട് വിഹിതം 33.2 ശതമാനത്തില്‍ നിന്ന് ഏകദേശം 37 ശതമാനത്തിലേക്ക് എത്തിക്കാന്‍ ബിജെപിക്കായി. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ നോക്കുമ്പോള്‍ 22 ശതമാനം ഇടിവാണ് വോട്ട് വിഹിതത്തിലുണ്ടായിരിക്കുന്നത്.

അതേസമയം ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്താന്‍ വഴിതെളിഞ്ഞു.  കേവലഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് ജെജപിയെയും കൂട്ടുപിടിച്ചാണ് സര്‍ക്കാര്‍ രൂപീകരിക്കുക. ജെജെപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാനാണ് തീരുമാനം. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ബിജെപി നാളെ ഗവര്‍ണറെ കാണും.