ദില്ലി: സമീപകാല ചരിത്രത്തിലെ ഏറ്റവും വാശിയേറിയ, ദൈർഘ്യമേറിയ തെരഞ്ഞെടുപ്പ് കാലം അവസാനിക്കുകയാണ്. ജനവിധി അറിയാൻ ഇനി നാല് ദിവസം മാത്രം ബാക്കി. എന്നാൽ അൽപസമയത്തിനകം രാജ്യത്തെ ടെലിവിഷൻ സ്ക്രീനുകൾ മറ്റൊരു ഫലപ്രഖ്യാപനത്തിന്‍റെ ചിത്രങ്ങൾ തെളിയും. എക്സിറ്റ് പോളുകൾക്കായി ഇനി വെറും നിമിഷങ്ങൾ മാത്രം കാത്തിരുന്നാൽ മതി.

ഏതൊക്കെ സംസ്ഥാനങ്ങൾ ആർക്കൊക്കെ വോട്ട് ചെയ്തു? നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ വരുമോ? ഇത്തവണയും മോദി തരംഗമുണ്ടോ? കോൺഗ്രസിന്‍റെ അവസ്ഥയെന്ത്? ഉത്തർപ്രദേശിൽ പ്രിയങ്കാ ഗാന്ധി വന്നത് വോട്ടർമാരിൽ ചലനമുണ്ടാക്കിയോ? മായാവതിയുടെയും അഖിലേഷ് യാദവിന്‍റെയും മഹാ സഖ്യം വിജയിക്കുമോ? പശ്ചിമബംഗാൾ, ഒഡിഷ എന്നീ സംസ്ഥാനങ്ങൾ എന്ത് വിധിയെഴുതും? തെക്കേ സംസ്ഥാനങ്ങളിലെ ജനവികാരം ഇപ്പോഴും മോദിക്കെതിരോ? കേരളത്തിൽ ശബരിമല ചലനമുണ്ടാക്കുമോ? വടക്കു കിഴക്കൻ ഇന്ത്യ ഇത്തവണയും ബിജെപിക്കൊപ്പം നിൽക്കുമോ? ഏറ്റവും നിർണായകം, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ ജനവികാരമെന്ത്? 

എന്താണ് എക്സിറ്റ് പോൾ?

അഭിപ്രായ സർവേകൾ പോലെയല്ല, എക്സിറ്റ് പോൾ എന്നത്, യഥാർത്ഥത്തിൽ ഒരു വോട്ടർ ആർക്ക് വോട്ട് ചെയ്തു എന്നതാണ് പരിശോധിക്കുന്നത്. വോട്ടർമാർ ആർക്ക് വോട്ട് ചെയ്തേക്കാം എന്നതല്ല, ആർക്ക് വോട്ട് ചെയ്തു എന്നതാണ് എക്സിറ്റ് പോളുകളിലുള്ളത്. അഭിപ്രായസർവേകളേക്കാൾ, അവസാനനിമിഷത്തിലെ ചലനങ്ങളടക്കം ഒപ്പിയെടുക്കുന്ന എക്സിറ്റ് പോളുകൾക്ക് കൃത്യത കൂടുതലാണ്. 

കൃത്യമായ ഫലമോ കണക്കോ എക്സിറ്റ് പോളുകളിൽ ശരിയാകണമെന്നില്ലെങ്കിലും തെരഞ്ഞെടുപ്പ് കാലത്തെ ട്രെൻഡ് നിശ്ചയിക്കാനും പിന്നീടുള്ള രാഷ്ട്രീയനീക്കങ്ങൾ നിശ്ചയിക്കാനും എക്സിറ്റ് പോളുകൾ നിർണായകമാണ്. 

തെരഞ്ഞെടുപ്പ് നടക്കുമ്പോൾ എക്സിറ്റ് പോൾ നടത്താമോ? 

ജനപ്രാതിനിധ്യ നിയമം അനുസരിച്ച് എക്സിറ്റ് പോളുകളും അഭിപ്രായ സർവേകളും തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് നടത്താൻ പാടില്ല. 2004-ലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യമുന്നയിച്ച് നിയമമന്ത്രാലയത്തെ സമീപിച്ചത്. ഇതിന് 6 ദേശീയ പാർട്ടികളുടെയും 18 സംസ്ഥാന പാർട്ടികളുടെയും പിന്തുണയുണ്ടായിരുന്നു. ഫെബ്രുവരി 2010 മുതൽ പുതുതായി ഏർപ്പെടുത്തിയ 126 (എ) വകുപ്പ് പ്രകാരം അങ്ങനെ എക്സിറ്റ് പോളുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിക്കുന്ന സമയപരിധിയിൽ നടത്താൻ പാടില്ലെന്ന് കർശന നിയന്ത്രണം വന്നു. 

എക്സിറ്റ് പോളുകളുടെ കൃത്യതയെന്ത്?

സാധാരണ എല്ലാ എക്സിറ്റ് പോളുകളും തെറ്റിന്‍റെ ശതമാനത്തെക്കുറിച്ച് പറയാറുണ്ട്. 5 ശതമാനം വരെ തെറ്റ് വന്നേക്കുമെന്ന മുന്നറിയിപ്പോടെയാണ് പലപ്പോഴും എക്സിറ്റ് പോളുകൾ പുറത്തു വിടാറ്. പക്ഷേ, 2009-ലെയും 2004-ലെയും എക്സിറ്റ് പോൾ ഫലങ്ങൾ പലതും തെറ്റിപ്പോയിരുന്നു.

2004-ൽ വാജ്‍പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് വിവിധ എക്സിറ്റ് പോളുകൾ പറഞ്ഞിരുന്നു. എന്നാൽ എല്ലാ പ്രവചനങ്ങളെയും തകിടം മറിച്ചു കൊണ്ട്, യുപിഎ അധികാരത്തിലെത്തി. 2009-ലാകട്ടെ മിക്ക എക്സിറ്റ് പോളുകളും യുപിഎയുടെ വോട്ട് കുത്തനെ ഇടിയുമെന്നാണ് പ്രവചിച്ചത്. അതും തെറ്റി. എന്നാൽ 2014-ൽ മോദി അധികാരത്തിലെത്തുമെന്ന് തന്നെയാണ് എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചത്. അത് സത്യമാവുകയും ചെയ്തു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.