ദില്ലി: 55 സീറ്റില്ലെങ്കിലും പ്രതിപക്ഷ നേതൃപദവിക്ക് കോണ്‍ഗ്രസിന് അവകാശവാദം ഉന്നയിക്കാമെന്ന് വിദഗ്ധര്‍. ഏറ്റവും കൂടുതൽ അംഗസംഖ്യയുള്ള പ്രതിപക്ഷ പാര്‍ട്ടിക്ക് പ്രതിപക്ഷ നേതാവ് സ്ഥാനം നല്‍കാമെന്ന് 1977ൽ പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തിൽ തന്നെ നിര്‍ദേശിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ വാദം.

പ്രധാനമന്ത്രി പദം നോട്ടമിട്ട് ഇറങ്ങി പക്ഷേ പ്രതിപക്ഷ നേതാവ് സ്ഥാനം പോലും കിട്ടാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസുള്ളത്. ആദ്യ ലോക്സഭാ സ്പീക്കര്‍ ജി വി മാവലങ്കറുടെ റൂളിങ് അനുസരിച്ച്  പ്രതിപക്ഷ നേതൃസ്ഥാനം ഒരു പാര്‍ട്ടിക്ക് നൽകാൻ സഭയുടെ ആകെ അംഗസംഖ്യയുടെ പത്തുശതമാനം വേണം. അതായത് ലോക്സഭയിൽ 55 അംഗങ്ങള്‍ വേണം.  44 എം പിമാര്‍ മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് കഴിഞ്ഞ തവണ അവകാശവാദം ഉന്നയിച്ചിരുന്നു. 

പക്ഷേ പത്തു ശതമാനം അംഗബലമില്ലായെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ തള്ളി. അന്ന് 1977 നിയമം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കള്‍ വാദിച്ചെങ്കിലും കോടതിയെ സമീപിച്ചിരുന്നില്ല. പ്രതിപക്ഷ നേതാവിന്‍റെ ശമ്പളവും അലവൻസിനെക്കുറിച്ചും നിര്‍ദേശിക്കുന്ന നിയമമാണ് പത്തുശതമാനം വാദത്തെ നേരിടാൻ വിദഗ്ധര്‍ ഉദ്ധരിക്കുന്നത്

എന്നാൽ ആദ്യ സ്പീക്കറുടെ റൂളിങ് പിന്നീട് 1988ൽ പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് 2014 സര്‍ക്കാര്‍ വ്യക്തമാക്കിയത്. 1984 ൽ ഒഴികെ 55 പേരുടെ അംഗബലം ഇല്ലാത്ത പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പ്രതിപക്ഷ നേതാവ് സ്ഥാനം നല്‍കിയിട്ടില്ലെന്ന് ചരിത്രവും ബിജെപി ചൂണ്ടിക്കാട്ടി. ലോക്പാൽ , കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ ,സിബിഐ മേധാവി തുടങ്ങിയവരെ തിരഞ്ഞെടുക്കുന്ന സമിതിയിൽ പ്രതിപക്ഷ നേതാവും അംഗമാണ്.