ഗോണ്ട: ഒന്നാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിലും മിന്നും വിജയമാണ് ബിജെപിയും മുന്നണിയും സ്വന്തമാക്കിയത്. മോദി തരംഗത്തില്‍ 354 സീറ്റുകള്‍ സ്വന്തമാക്കി രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേക്ക് നീങ്ങുകയാണ്. വിജയമധുരത്തില്‍ ഇരട്ടി മധുരം എന്നൊക്കെ പറയുന്നത് പോലെയാണ് യുപിയില്‍ നിന്നുള്ള ഒരു വാര്‍ത്ത.

തെരഞ്ഞെടുപ്പ് ഫലം വന്ന 23ന്  ജനിച്ച ഒരു കുഞ്ഞിന് നരേന്ദ്ര മോദി എന്ന് പേരിട്ടിരിക്കുകയാണ് ഒരു മുസ്ലിം കുടുംബം. യുപിയിലെ ഗോണ്ടയിലാണ് സംഭവം. 'അതെ, എന്‍റെ കുഞ്ഞിന് നരേന്ദ്ര മോദിയെന്നാണ് പേരിട്ടിരിക്കുന്നത്. കുട്ടി ജനിച്ചപ്പോള്‍ ദുബായിലുള്ള അച്ഛനെ വിളിച്ചു. മോദി വീണ്ടും അധികാരത്തിലെത്തുമെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു, അവന് അദ്ദേഹത്തിന്‍റെ പേരിടാമെന്ന്. ന്യൂസ് ഏജന്‍സിയായ എഎന്‍ഐയോട് കുട്ടിയുടെ അമ്മ മേനജ് ബിഗം പറ‍ഞ്ഞു.

മോദിയെ പോലെ നല്ല കാര്യങ്ങള്‍ ചെയ്യുന്ന  ആളായി ജീവിതത്തില്‍ മകന്‍ വിജയിക്കണമെന്നാണ് ആഗ്രഹമെന്നും മേനജ് ബീഗം പറയുന്നു. കേവലഭൂരിപക്ഷത്തിനും  മുകളില്‍ 303 സീറ്റുകള്‍ ബിജെപി മാത്രം നേടിയാണ് വീണ്ടും മോദി അധികാരത്തിലേക്കെത്തുന്നത്.