ഹിമാചല്‍ പ്രദേശ്: യുദ്ധത്തിലും പ്രണയത്തിലും നിയമങ്ങളില്ല... തെരഞ്ഞെടുപ്പ്  യുദ്ധത്തിലെ സകല നിയമങ്ങളും കാറ്റില്‍പ്പറത്തുകയാണ് ഹിമാചലിലെ  ഈ അച്ഛന്‍-മകന്‍ പോരാട്ടം. മകനെ തോല്‍പ്പിക്കാന്‍ കച്ച കെട്ടി അച്ഛനിറങ്ങുന്ന ഹിമാചലിലെ മാണ്ഡി മണ്ഡലത്തില്‍ ഇത്തവണ പോരാട്ടം തീപാറും. മാണ്ഡി മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മകനെതിരെ പ്രചാരണത്തിനിറങ്ങുകയാണ് പിതാവ്. കോണ്‍ഗ്രസിന്‍റെ ആശ്രയ് ശര്‍മയ്ക്കെതിരെയാണ്  പിതാവും ബിജെപി നേതാവുമായ അനില്‍ ശര്‍മ പ്രചാരണം നടത്തുന്നത്.

വെള്ളിയാഴ്ചയാണ് ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. മുന്‍ കേന്ദ്രമന്ത്രി ശുഖ്റാമിന്‍റെ കൊച്ചുമകന്‍ ആശ്രയ് ശര്‍മയാണ് കോണ്‍ഗ്രസിന് വേണ്ടി മാണ്ഡിയില്‍ നിന്നും മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മുന്‍പ് മാത്രമാണ് ആശ്രയ് കോണ്‍ഗ്രസില്‍ ചേരുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയും നിലവിലെ എംപിയുമായ രാമസ്വരൂപ് ശര്‍മയ്ക്കെതിരെയാണ് മുപ്പത്തി മൂന്നുകാരനായ ആശ്രയ് മത്സരിക്കുന്നത്. അതേസമയം ആശ്രയ്‍യുടെ അച്ഛന്‍ അനില്‍ ശര്‍മയാണ് മാണ്ഡി മണ്ഡലത്തിലെ  ബിജെപി എംഎല്‍എ. 

കോണ്‍ഗ്രസ് വേണ്ട പരിഗണന നല്‍കിയില്ലെന്ന് ആരോപിച്ച് 2017-ലാണ് അനില്‍ ശര്‍മ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നത്.  മകന്‍ ആശ്രയ് ശര്‍മയ്ക്കെതിരെ പ്രചാരണം നടത്താന്‍ അനില്‍ ശര്‍മയോട് ബിജെപി ആവശ്യപ്പെടുകയായിരുന്നു. 

 ആശ്രയ് ശര്‍മയ്ക്കെതിരെ മത്സരിക്കുന്ന ബിജെപിയുടെ രാമസ്വരൂപ് ശര്‍മയ്ക്ക് വേണ്ടി അനില്‍ ശര്‍മ പ്രചാരണത്തിനിറങ്ങും- ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്റാം ഠാക്കൂര്‍ പറഞ്ഞു. ഇരുപാര്‍ട്ടികളില്‍ മത്സരിക്കുന്ന കുടുംബാംഗങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുന്നത് ഒറ്റപ്പെട്ട സംഭവം അല്ലെന്നും ഇതിന് മുന്‍പും നിരവധി ഉദാഹരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

 മകനെതിരെ പ്രചാരണം നടത്തുന്നത് ആദ്യം നിരസിച്ച അനില്‍ ശര്‍മ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. പാര്‍ട്ടിയുടെ തീരുമാനത്തെ മാനിക്കുന്നെന്നും ആശ്രയ് ശര്‍മയ്ക്കെതിരെ പ്രചാരണം നടത്തുമെന്നും പിതാവ് അനില്‍ ശര്‍മ അറിയിച്ചു.