അഹമ്മദാബാദ്: ലോക്സഭ തെരഞ്ഞെടുപ്പിലെ പോരാട്ടം ഇന്ത്യയും പാകിസ്ഥാനും തമ്മിലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുന്ന ഭാഷ പാകിസ്ഥാന്‍റെയാണെന്നും രൂപാനി വിമര്‍ശിച്ചു. ഇന്ത്യ നിയന്ത്രണരേഖ കടന്ന് നടത്തിയ ആക്രമണത്തിന്‍റെ തെളിവ് ചോദിച്ച സാം പിത്രോദയുടെ വാക്കുകളെ ലജ്ജാകരം എന്നാണ് രൂപാനി വിശേഷിപ്പിച്ചത്.

പാകിസ്ഥാന്‍റെ ഭാഷയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. രാഹുല്‍ ഗാന്ധിയുടെ ഗുരു സാം പിത്രോദ 'ഷെയിം പത്രോദ'യാണ്. പത്രോദയുടെ പരാമര്‍ശങ്ങള്‍ കാരണം രാജ്യം തലകുനിക്കേണ്ടി വരുന്നു. തങ്ങള്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നില്ലെന്ന് പാകിസ്ഥാന്‍ പറഞ്ഞു കൊണ്ടിരിക്കുന്നു. 

അതിനാല്‍, ഭീകരതാവളങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്ന് അവര്‍ ഒരിക്കലും അംഗീകരിക്കില്ല. പക്ഷേ, എന്തിനാണ് അതേ ഭാഷ കോണ്‍ഗ്രസും പറയുന്നതെന്നും രാജ്കോട്ടില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ രൂപാനി ചോദിച്ചു. ബാലാകോട്ട് വ്യോമാക്രമണത്തിൽ എത്ര പേർ മരിച്ചെന്ന് വ്യക്തമാക്കാൻ കേന്ദ്രസർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നാണ് കോൺഗ്രസ് നേതാവ് സാം പിത്രോദ പറഞ്ഞത്.

അന്താരാഷ്ട്രമാധ്യമങ്ങൾ ബാലാകോട്ടിൽ ഒരു നാശനഷ്ടവുമുണ്ടായില്ല എന്നാണ് റിപ്പോർട്ട് ചെയ്തത്. ഇത് ഇന്ത്യക്കാരനെന്ന നിലയിൽ എന്നെ നാണം കെടുത്തുന്നതാണെന്നും വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സാം പിത്രോദ പറഞ്ഞു.