ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടിംഗിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഫസ്റ്റ് പോസ്റ്റ്- ഇസ്പോസ് സര്‍വെ ഫലങ്ങള്‍ പുറത്ത് വിട്ടു. മൂന്ന് ഘടങ്ങള്‍ പരിഗണിച്ച സര്‍വെയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി കണ്ടെത്തിയിരിക്കുന്നത്.

എന്നാല്‍, മോദിയുടെ ജനപിന്തുണ വര്‍ധിക്കുമ്പോഴും 2014ലെ തരംഗം ആവര്‍ത്തിക്കാന്‍ ബിജെപിക്ക് സാധിക്കില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. അതിനൊപ്പം ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപി തന്നെയാകുമെന്നും സര്‍വേ പറയുന്നു. 2018ല്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ശേഷമുണ്ടായ മുന്‍തൂക്കം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ലെന്നും സര്‍വെയില്‍ പറയുന്നു.

മാര്‍ച്ച് രണ്ട് മുതല്‍ 22 വരെ 31,000 വോട്ടര്‍മാരിലാണ് സര്‍വേ നടത്തിയത്. മോദിയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്നതിനാലാണ് ബിജെപിക്ക് വോട്ട് ചെയ്യാന്‍ കൂടുതലായി വോട്ടര്‍മാരെ പ്രേരിപ്പിക്കുന്ന ഘടകം. ഒപ്പം രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയും പ്രധാന ഘടകമാണ്.

അഴിമതിയുടെയും രാജ്യത്തിന്‍റെ സുരക്ഷയുടെയും കാര്യത്തില്‍ യഥാക്രമം 67,66 ശതമാനം ആളുകള്‍ ബിജെപിയില്‍ വിശ്വസിക്കുന്നു. ഓരോ സംസ്ഥാനങ്ങള്‍ വീതം പരിഗണിച്ചാല്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കൂടുതല്‍ പേര്‍ വിശ്വാസം അര്‍പ്പിക്കുന്നത് ബിജെപിയിലാണെന്ന് സര്‍വെ പറയുന്നു.

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും തമിഴ്നാട്ടില്‍ ഡിഎംകെയയും ജനങ്ങള്‍ വിശ്വസിക്കുമ്പോള്‍ കേരളത്തില്‍ ഇടത് മുന്നണിയെയാണ് ഏറ്റവും വിശ്വാസയോഗ്യമായി സര്‍വേ കാണിക്കുന്നത്. നോട്ട് നിരോധനം വിജയകരമാണെന്ന് 70 ശതമാനം ആളുകള്‍ പറഞ്ഞപ്പോള്‍ ജിഎസ്ടിയെ 69 ശതമാനം ആളുകള്‍ പിന്തുണച്ചു.