മീൻ മണക്കുമ്പോൾ ഓക്കാനം വരുന്ന വിധത്തിൽ വെജിറ്റേറിയനായ തനിയ്ക്ക് പോലും മീൻ മാർക്കറ്റിലെ അനുഭവം അത്രമേൽ നല്ലതായിരുന്നു എന്ന അർത്ഥത്തിലായിരുന്നു ശശി തരൂരിന്‍റെ ട്വീറ്റ്

കൊച്ചി: തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന്‍റെ ട്വീറ്റിനെതിരെ എറണാകുളത്ത് മത്സ്യതൊഴിലാളികളുടെ പ്രതിഷേധം. തോപ്പും പടി, സൗദി കടപ്പുറത്താണ് പ്രതിഷേധം നടന്നത്. മത്സ്യ തൊഴിലാളികളെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയ ശശി തരൂർ മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 

തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മത്സ്യമാര്‍ക്കറ്റ് സന്ദര്‍ശിച്ച ശേഷം ട്വിറ്ററിൽ കുറിച്ച വാക്കുകള് വിവാദമായിരുന്നു. മീൻ മണം അടിക്കുമ്പോൾ ഓക്കാനം വരുന്ന തനിക്ക് പോലും വലിയ സ്വീകരണമാണ് ലഭിച്ചതെന്നായിരുന്നു ശശി തരൂരിന്‍റെ പരാമർശം.

മീൻ മണക്കുമ്പോൾ ഓക്കാനം വരുന്ന വിധത്തിൽ വെജിറ്റേറിയനായ തനിയ്ക്ക് പോലും മീൻ മാർക്കറ്റിലെ അനുഭവം അത്രമേൽ നല്ലതായിരുന്നു എന്ന അർത്ഥത്തിലായിരുന്നു ശശി തരൂരിന്‍റെ ട്വീറ്റ്. ഓക്കാനം വരുന്ന എന്ന അർത്ഥം വരുന്ന squeamishly വാക്ക് ഉപയോഗിച്ചതിനെതിരെയാണ് ആക്ഷേപമുയരുന്നത്. 

Scroll to load tweet…

ട്വീറ്റ് വിവാദമായതോടെ ശശി തരൂർ പ്രതികരിച്ചതും മറ്റൊരു ട്വീറ്റിലൂടെയായിരുന്നു. താൻ പറഞ്ഞതിന്‍റെ അർത്ഥം ഇനിയും മനസിലാകാത്ത മലയാളി ഇടത് രാഷ്ട്രീയ ചിന്തകർക്ക് വേണ്ടി വിവാദമായ squeamishly എന്ന വാക്കിന്‍റെ അർത്ഥം ഓളം ഡിക്ഷണറിയിൽ കാണിച്ച് കൊണ്ടായിരുന്നു ആദ്യ ട്വീറ്റ്. ഇതിന് ശേഷം ട്രോളിക്കൊണ്ടൊരു ട്വീറ്റ് ഇടാനും മടിച്ചില്ല, തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി.

Scroll to load tweet…