ക്യാമ്പസ്സിലെത്തി സ്ഥാനാർത്ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന സംഭവത്തില്‍ സർക്കാർ സ്ഥാപനമായ കോളേജുകൾ ദുരുപയോഗം ചെയ്യുന്നില്ല എന്ന് അധികൃതർ ഉറപ്പാക്കണമെന്നും ടിക്കാറാം മീണ

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ അഞ്ച് കോടി രൂപ പിടിച്ചെടുത്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഐടി, സെയിൽസ്, പോലീസ്, എക്സൈസ് , കസ്റ്റംസ് വിഭാഗവുമായി ചർച്ച പൂർത്തിയായി. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും മീണ മാധ്യമങ്ങളോട് പറഞ്ഞു. 

ക്യാമ്പസ്സിലെത്തി സ്ഥാനാർത്ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന സംഭവത്തില്‍ സർക്കാർ സ്ഥാപനമായ കോളേജുകൾ ദുരുപയോഗം ചെയ്യുന്നില്ല എന്ന് അധികൃതർ ഉറപ്പാക്കണമെന്നും ടിക്കാറാം മീണ ആവശ്യപ്പെട്ടു. ക്യാമ്പസില്‍ സ്ഥാനാർത്ഥികൾ എത്തുന്നത് സാധാരണമെന്നത് പുതിയ അറിവാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഏത് അളവ് വരെ ഇത് അനുവദിക്കുന്നെന്നു പരിശോധിച്ച് പറയാമെന്നും അദ്ദേഹം പറഞ്ഞു. 

നേരത്തേ ശശി തരൂരിന്റെ വൈ ഐ ആം ഹിന്ദു എന്ന പുസ്തകം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. സംഭവം പരിശോധിച്ച് നടപടി എടുക്കുംമെന്നും ദൈവങ്ങളുടെ ചിത്രങ്ങൾ ഉപയോഗിച്ച് പ്രചാരണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ നടപടി എടുക്കുമെന്നും മീണ അറിയിച്ചിരുന്നു.