Asianet News MalayalamAsianet News Malayalam

മന്ത്രി പദത്തിലേക്ക് സുഷമാ സ്വരാജ് ഇല്ല, പകരം എസ് ജയശങ്കർ വിദേശകാര്യമന്ത്രി

സുബ്രഹ്മണ്യം ജയശങ്കർ എന്ന എസ് ജയശങ്കർ രാജ്യത്ത് ഏറ്റവും കൂടുതൽ കാലം വിദേശകാര്യ സെക്രട്ടറിയായ ഉദ്യോഗസ്ഥനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശകാര്യ നയങ്ങളിൽ പ്രധാനപ്പെട്ട പല തീരുമാനങ്ങൾക്കും ചാലകശക്തിയായിരുന്നു എസ് ജയശങ്കർ. 

former external affairs secretary s jayasanker to be included in cabinet
Author
New Delhi, First Published May 30, 2019, 6:58 PM IST

ദില്ലി: മുൻ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കർ പുതിയ മന്ത്രിസഭയിൽ അംഗമാകും. മുൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അനാരോഗ്യം മൂലം വീണ്ടും മന്ത്രിസഭയിലേക്കില്ലെന്ന് അറിയിച്ച സാഹചര്യത്തിലാണിതെന്നാണ് സൂചന. സത്യപ്രതിജ്ഞാ ചടങ്ങിനായി സുഷമാ സ്വരാജ് എത്തിയിട്ടുണ്ടെങ്കിലും മന്ത്രിമാർക്കൊപ്പമല്ല, കാണികളുടെ കൂട്ടത്തിലാണ് സുഷമാ സ്വരാജ് ഇരിക്കുന്നത്. 

രാജ്യത്ത് ഏറ്റവും കൂടുതൽ കാലം വിദേശകാര്യ സെക്രട്ടറി പദവി വഹിച്ച ഉദ്യോഗസ്ഥനാണ് എസ് ജയശങ്കർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശകാര്യ നയങ്ങൾക്കും, അമേരിക്കയുമായുള്ള സഹകരണത്തിനും നിർണായക പങ്ക് വഹിച്ചയാൾ.

വിദേശകാര്യ സെക്രട്ടറി പദവിയിലെ ജയശങ്കറിന്‍റെ വിലപ്പെട്ട സേവനത്തിനുള്ള പ്രതിഫലമായാണ് പുതിയ പദവി നൽകിയതെന്നാണ് സൂചന. നിലവിൽ ടാറ്റാ ഗ്ലോബൽ കോർപ്പറേറ്റ് അഫയേഴ‍്‍സിന്‍റെ തലവനാണ് ജയശങ്കർ. 

കഴിഞ്ഞ മാർച്ചിൽ പദ്മശ്രീ പുരസ്കാരത്തിന് ജയശങ്കർ അർഹനായിരുന്നു. 2015 ജനുവരിയിലാണ് വിദേശകാര്യ സെക്രട്ടറിയായി ജയശങ്കർ നിയമിതനായത്. മുൻ വിദേശകാര്യ സെക്രട്ടറിയായിരുന്ന സുജാതാ സിംഗിനെ റിട്ടയർമെന്‍റിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മാറ്റി ജയശങ്കറിനെ പകരം നിയമിച്ചത്. 

മുൻ ചൈനീസ് അംബാസിഡറായിരുന്ന ജയശങ്കർ ഡോക്‍ലാമിൽ ഇന്ത്യ - ചൈന സംഘർഷാവസ്ഥ നിലനിന്ന സമയത്ത് പ്രശ്നപരിഹാരത്തിന് നിർണായകമായ ഇടപെടൽ നടത്തിയത്. പിന്നീട് അമേരിക്കൻ അംബാസിഡറായി എത്തിയ ജയശങ്കർ, ഇന്ത്യ - യുഎസ് ബന്ധത്തിന്‍റെ നിർണായക കണ്ണിയായി. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയുമായി നടത്തിയ ഇടപാടുകളുടെയും മുൻപ്രസിഡന്‍റ് ബരാക് ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചകളുടെയും ബുദ്ധികേന്ദ്രം ജയശങ്കറായിരുന്നു. 

2018-ലാണ് എസ് ജയശങ്കർ വിരമിയ്ക്കുന്നത്. വിരമിച്ച ശേഷം ടാറ്റാ ഗ്ലോബൽ കോർപ്പറേറ്റ് അഫയേഴ‍്‍സിന്‍റെ തലവനാണ് ജയശങ്കർ. 1977-ലാണ് ജയശങ്കർ ഐഎഫ്എസ്സിലെത്തുന്നത്. പിന്നീട് സിംഗപ്പൂരിന്‍റെ ഹൈക്കമ്മീഷണറായ ശേഷമാണ് ജയശങ്കർ ചൈനയുടെയും അമേരിക്കയുടെയും ഇന്ത്യൻ സ്ഥാനപതിയാകുന്നത്. 

Follow Us:
Download App:
  • android
  • ios